നിങ്ങള്‍ക്ക് എന്താണ് വേണ്ടത് കാശോ..? ഞാന്‍ തരാം, ഇവിടെ കൊണ്ടും നിര്‍ത്തിക്കോ; വീണ്ടും വിവാഹ ജീവിതത്തിലേയ്ക്ക് എന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബാല

നടന്‍ ബാല വീണ്ടും വിവാഹ ജീവിതത്തിലേയ്ക്ക് എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലും മറ്റും നിറഞ്ഞിരുന്നത്. എന്നാല്‍ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.

ചെന്നൈയില്‍ താമസിക്കുന്ന അച്ഛന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അവിടെ പോകാന്‍ കഴിയാത്ത വിഷമിച്ചിരിക്കുന്ന അവസ്ഥയില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നത് വളരേയേറെ ദൗര്‍ഭാഗ്യകരമാണെന്നും ബാല പ്രതികരിക്കുന്നു.

നിങ്ങള്‍ക്ക് എന്താണ് വേണ്ടത് കാശാണോ? എന്നോട് ചോദിക്ക് ഞാന്‍ തരാം. വളരെ തെറ്റായ കാര്യമാണ് ഇത്. അതുകൊണ്ട് പറയുകയാണ്. ഇവിടെ കൊണ്ടും നിര്‍ത്തിക്കോ. കാശും പണവും ഉണ്ടാക്കേണ്ടത് ഇങ്ങനെയല്ല. എല്ലാവരോടും ഒരു ബഹുമാനം വേണമെന്നും ബാല പറയുന്നു.

ബാലയുടെ വാക്കുകള്‍;

‘എന്റെ അച്ഛന് തീരെ സുഖമില്ലാതെ ഇരിക്കുകയയാണ്, ചെന്നെയിലാണ്. വളരെ മോശം അവസ്ഥയിലാണ്. ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരുടെ അടുത്ത് എത്താന്‍ സാധിക്കില്ല.. സങ്കടകരമായ അവസ്ഥയിലാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്.

ഓരോ നിമിഷവും ഫോണില്‍ അമ്മയെ വിളിച്ച് സംസാരിച്ചാണ് അച്ഛന്റെ കാര്യങ്ങള്‍ അറിയുന്നത്. രാത്രിയിലും ഫോണ്‍ അടുത്തുവച്ച് ഉറങ്ങാതെ ഇരിക്കുകയാണ്. ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ഒരു വാര്‍ത്ത കണ്ടു. വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്ത. പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നു. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്കൊന്നും അറിയില്ല, എവിടെയും ഒരു അഭിമുഖവും ഞാന്‍ കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകളും ഫോണ്‍കോളുകളും എനിക്ക് വന്നുകൊണ്ടിരിക്കുകയാണ്.

വീട്ടില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോണ്‍ രാത്രി അടുത്ത് വയ്ക്കുന്നത്. എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല. ആരാധകരും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി.

ആ സമയത്താണ് എന്റെ അമ്മ വിളിക്കുന്നത്. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയി. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒന്നര ദിവസത്തിന്റെ വേദനയും ടെന്‍ഷനുമായിരിക്കും. നിങ്ങള്‍ക്ക് എന്താണ് വേണ്ടത് കാശാണോ? എന്നോട് ചോദിക്ക് ഞാന്‍ തരാം. വളരെ തെറ്റായ കാര്യമാണ് ഇത്. അതുകൊണ്ട് പറയുകയാണ്. ഇവിടെ കൊണ്ടും നിര്‍ത്തിക്കോ. കാശും പണവും ഉണ്ടാക്കേണ്ടത് ഇങ്ങനെയല്ല. എല്ലാവരോടും ഒരു ബഹുമാനം വേണം. ബാല പറയുന്നു.

Exit mobile version