താങ്കള്‍ ഒരു ആണല്ലേ, മുളയിലേ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ പേടിക്കുന്നതതെന്തിന്, താങ്കളും ആരെയും നുള്ളിയിട്ടില്ലെങ്കില്‍ പേരു തുറന്നു പറയണം; നീരജ് മാധവിനോട് ഷിബു ജി. സുശീലന്‍

കൊച്ചി: സിനിമയില്‍ കലാകാരന്മാരെ വളരാന്‍ അനുവദിക്കാത്ത ഗൂഢ സംഘമുണ്ടെന്ന ഫേസ്ബുക്ക് കുറിപ്പില്‍ നടന്‍ നീരജ് മാധവ് താരസംഘടനയായ അമ്മയില്‍ വിശദീകരണം നല്‍കിയിരുന്നു. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നും നീരജ് അമ്മയോട് പറഞ്ഞു.

ഇതിന് പിന്നാലെ നീരജ് മാധവിനോട് ചോദ്യങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍. മുളയിലെ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ നീരജ് മാധവിനു പേടിയോ അതോ മറവിയോ എന്ന് ഷിബു ചോദിച്ചു.

പേര് പറയാത്തത് കാരണം ഒരു യൂണിയന്‍ മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥ ആണെന്നും അതൊരിക്കലും ശരിയല്ലെന്നും ഷിബു സുശീലന്‍ പറയുന്നു. സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക .അതാണ് വേണ്ടതെന്നും താങ്കളുടെ കൂടെ അഭിനയിച്ചവരെയും ടെക്‌നീഷ്യന്മാരെയും നിര്‍മ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കില്‍ പിന്നെ എന്തിന് പേടിക്കണമെന്നും ഷിബു ചോദിക്കുന്നു.

ഷിബു ജി. സുശീലന്റെ കുറിപ്പ് വായിക്കാം:

‘താങ്കള്‍ ഒരു ആണല്ലേ ? മുളയില്‍ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ?
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ മൊത്തത്തില്‍ അല്ലല്ലോ ?നീരജിനെ നുള്ളിയത് ..അപ്പോള്‍ സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക .അതാണ് വേണ്ടത് ..
താങ്കളുടെ കൂടെ അഭിനയിച്ചവരെയും ടെക്‌നീഷ്യന്മാരെയും നിര്‍മ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കില്‍ പിന്നെ എന്തിന് പേടിക്കണം …സത്യസന്ധമായി പേര് തുറന്നു പറയുക. താങ്കള്‍ പേര് പറയാത്തത് കാരണം ഒരു യൂണിയന്‍ മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല. 2015-ല്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ചിത്രത്തിലും താങ്കള്‍ അഭിനയിച്ചിട്ടുണ്ട്.’

സിനിമയില്‍ വളര്‍ന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫെയ്‌സ്ബുക്ക് പരാമര്‍ശത്തില്‍ നടന്‍ നീരജ് മാധവ് ‘അമ്മ’ സംഘടനയ്ക്ക് കത്തിലൂടെ മറുപടി നല്‍കിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അമ്മ സംഘടനയ്ക്ക് നല്‍കിയ കത്തിലും ആവര്‍ത്തിക്കുന്നു. ആരുടേയും പേരെടുത്തു പറയാതെയാണ് നീരജ് മാധവിന്റെ മറുപടി കത്ത്. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഫെഫ്കയിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന് ബി. ഉണ്ണിക്കൃഷ്ണന്‍ കത്ത് അയച്ചിരുന്നു.

Exit mobile version