2021 ലെ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചു

ലോകം മുഴുവന്‍ കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയില്‍ കഴിയുന്ന സാഹചര്യത്തില്‍ 2021 ലെ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചു. നേരത്തേ നിശ്ചയിച്ചത് പ്രകാരം 2021 ഫെബ്രുവരി 28ന് നടക്കേണ്ട ചടങ്ങാണ് ഇപ്പോള്‍ ഏപ്രില്‍ 25ലേക്ക് മാറ്റിയിരിക്കുന്നത്. 93 ാം ഓസ്‌കാര്‍ ചടങ്ങാണ് നടക്കാനിരിക്കുന്നത്.

2021 മാര്‍ച്ച് 15ഓടെയായിരിക്കും നോമിനേഷനുകള്‍ പ്രഖ്യാപിക്കുക. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്(ബാഫ്റ്റ) ചടങ്ങ് നടക്കുന്ന തീയ്യതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രില്‍ 11നാണ് ഇത് നടക്കുക.

കൊവിഡ് 19 എന്ന മഹാമാരി കാരണം നിരവധി ചിത്രങ്ങളുടെ ചിത്രീകരണമാണ് മുടങ്ങിക്കിടക്കുന്നത്. പല ചിത്രങ്ങളുടെയും ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ മാത്രമേ പൂര്‍ത്തിയാക്കുകയുള്ളൂ. ഇത് കൂടി പരിഗണിച്ചുകൊണ്ടാണ് ഓസ്‌കാര്‍ ചടങ്ങിന്റെ തീയതി മാറ്റിയിരിക്കുന്നത്.

1938ലെ പ്രളയ കാലത്തും 1968ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ മരണത്തെ തുടര്‍ന്നും 1981ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് റോണള്‍ഡ് റീഗന്റെ മരണത്തെ തുടര്‍ന്നുമാണ് മുമ്പ് ഓസ്‌കാര്‍ ചടങ്ങുകള്‍ മാറ്റിയിട്ടുള്ളത്.

Exit mobile version