കാവ്യയോട് പണ്ടേ ദിലീപിന് ഒരിഷ്ടമുണ്ടായിരുന്നു; കാവ്യക്ക് വേണ്ടി ദിലീപ് നടത്തിയ സിനിമയെ വെല്ലുന്ന സംഘട്ടനം ഓർത്തെടുത്ത് ലാൽ ജോസ്

മലയാള സിനിമയിൽ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ദിലീപും സിനിമയിൽ നിന്നും തത്കാലം മാറി നിൽക്കുന്ന കാവ്യയും. ഇരുവരും 2016ൽ വിവാഹിതരായതും ഏറെ വിവാദങ്ങൾക്ക് ഒടുവിലായിരുന്നു. ഇരുവരും വിവാഹമോചിതരായി വർഷങ്ങൾ കഴിഞ്ഞാണ് ഗോസിപ്പുകൾക്ക് വിരാമമിട്ട് വിവാഹം ചെയ്തത്. വിവാഹശേഷവും ഇരുവരേയും വിവാദങ്ങൾ വെറുതെവിട്ടിരുന്നില്ല.

നടി മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം ദിലീപ് വേർപെടുത്തിയതിന് പിന്നിലും കാവ്യയാണെന്ന് ഗോസിപ്പുകൾ ഉയർന്നിരുന്നു. അതേസമയം, താൻ കാരണം ചീത്തപ്പേരുണ്ടായ പെൺകുട്ടിക്ക് താൻ തന്നെ ഒരു ജീവിതം കൊടുക്കുകയാണെന്നാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തതിനു ശേഷം പ്രതികരിച്ചത്.

ഇരുവരും മുമ്പ് തന്നെ പ്രണയത്തിലായിരുന്നെന്നാണ് സിനിമാ ലോകത്ത് നിന്നും ഉയർന്നിരുന്ന വാർത്ത. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് സംവിധായകൻ ലാൽ ജോസ് ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുന്നത്. താൻ സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ ചിത്രീകരണ കാലത്തെ ഓർമ്മകളിലാണ് ദിലീപിന് അക്കാലത്ത് തന്നെ കാവ്യയോട് ചെറിയ ഇഷ്ടമുണ്ടായിരുന്നു എന്ന് ലാൽ ജോസ് വെളിപ്പെടുത്തുന്നത്.

സുൽത്താൻ ബത്തേരിയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കെയാണ് കാവ്യ മാധവനും മറ്റ് സ്ത്രീകളും ഉൾപ്പെടുന്ന സിനിമാ സംഘത്തിന് നേരെ മദ്യപിച്ച് വെളിവുകെട്ട കുറച്ചുപേർ അസഭ്യവർഷം ചൊരിയുകയും സംഭവം ഉപദ്രവത്തിലേക്ക് നീങ്ങുകയും ചെയ്തത്. ഇതുകണ്ട് സഹികെട്ട ദിലീപ് ഉൾപ്പടെയുള്ളവർ ഷൂട്ടിങ് കഴിഞ്ഞ ഉടനെ സംഭവത്തിൽ ഇടപെടുകയും സാമൂഹ്യവിരുദ്ധരെ ഓടിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഘർഷം പതിയെ സംഘട്ടനത്തിലേക്ക് മാറിയെന്നും ദിലീപ് സിനിമാസ്റ്റൈലിൽ മദ്യപസംഘത്തെ അടിച്ചൊതുക്കി ഓടിച്ചുവിട്ടുവെന്നും ലാൽ ജോസ് പറയുന്നു. സിനിമയിൽ മാത്രമുള്ള സംഘട്ടന രംഗം ക്യാമറ ഇല്ലാതെ നേരിട്ട് കണ്ടെന്നും ദിലീപ് ജീവിതത്തിലും ഹീറോയായി എന്നും ലാൽ ജോസ് പറയുന്നു. ഈ സംഭവത്തോടെ കാവ്യയോടുള്ള ദിലീപിന്റെ പ്രത്യേക സ്‌നേഹം വെളിപ്പെട്ടുവെന്നാണ് ലാൽ ജോസിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

Exit mobile version