‘ഈ കൊവിഡ് കാലത്തും അതിനേക്കാള്‍ ഭീകരമായ കീടാണുക്കള്‍ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ കൃത്യം’; മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ചതിനെതിരെ മധുപാല്‍

ബേസില്‍ ജോസഫ് ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിന്റെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ മധുപാല്‍. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. ഈ കൊവിഡ് കാലത്തും അതിനേക്കാള്‍ ഭീകരമായ കീടാണുക്കള്‍ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ കൃത്യം എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

കലാപരമായ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനാവാത്തവര്‍ക്കെതിരെ പ്രതികരിക്കേണ്ടത് ബോധമുള്ള മനുഷ്യരാണെന്നും ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെയാണ് ഇവര്‍ നശിപ്പിച്ചതെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലുവ കാലടി മണപ്പുറത്ത് 80 ലക്ഷം മുടക്കി പണിത മിന്നല്‍ മുരളിയുടെ കൂറ്റന്‍ സെറ്റാണ് കഴിഞ്ഞ ദിവസം വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത് കളഞ്ഞത്. സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

മധുപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെയാണ് നശിപ്പിച്ചത്. ഈ കോവിഡ് കാലത്തും അതിനേക്കാള്‍ ഭീകരമായ കീടാണുക്കള്‍ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ കൃത്യം. മിന്നല്‍ മുരളി എന്ന ചിത്രത്തിനു വേണ്ടി നിര്‍മ്മിച്ച സെറ്റാണ് ഇല്ലാതാക്കപ്പെട്ടത്. കലാപരമായ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനാവാത്തവര്‍ക്കെതിരെ പ്രതികരിക്കേണ്ടത് ബോധമുള്ള മനുഷ്യരാണ്.

Exit mobile version