ട്രക്കിംഗ് വേഷത്തില്‍ മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘കയറ്റ’ത്തിന്റെ പോസ്റ്റര്‍

‘ചോല’യ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ മഞ്ജു വാര്യരെ നായികയാക്കി സംവിധാനം ചെയ്യുന്ന ‘കയറ്റ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പാസ്റ്ററില്‍ വേറിട്ട ട്രക്കിംഗ് വേഷത്തിലാണ് മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ പോസ്റ്റര്‍.

അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തില്‍ ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരാണ് മറ്റ് താരങ്ങള്‍.

ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹര്‍സംസ എന്ന ഭാഷയാണ് മറ്റൊരു സവിശേഷത. ഈ ഭാഷയില്‍ ‘കയറ്റം’ എന്നതിനുള്ള വാക്കായ ‘അഹര്‍’ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍. സിനിമയുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, പാരറ്റ്മൗണ്ട് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version