ആ സന്ദേശങ്ങള്‍ അയക്കുന്നത് ഞാനല്ല, ആളുകളെ പറ്റിച്ച് അയാള്‍ക്ക് എന്താണ് നേടാനുള്ളത്; നിയമ നടപടിക്കൊരുങ്ങി നടി മീര നന്ദന്‍

തന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി നടി മീര നന്ദന്‍. ഫേസ്ബുക്കിലൂടെ ലൈവില്‍ എത്തിയാണ് താരം പ്രതികരണം അറിയിച്ചിരിക്കുന്നത്. തന്റെ മെസേജുകളാണ് എന്ന് പറഞ്ഞ് ഫോട്ടോഗ്രാഫര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ വിപിന്‍ വിശ്വംഭരന്‍ എന്ന ഒരാള്‍ തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ അയക്കുന്നുവെന്നും ഇയാളെ തനിക്ക് അറിയില്ലെന്നും മീര പറയുന്നു.

താനയച്ചതാണെന്നും പറഞ്ഞ് തന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും മീര പങ്കുവച്ചു. മീരയടക്കം ഫോട്ടോയെടുത്തു തരാന്‍ ആവശ്യപ്പെട്ട് തന്റെ പുറകേ നടക്കുന്നുവെന്നാണ് അതിലുള്ളത്.

മീരയുടെ വാക്കുകള്‍;

ഫേസ്ബുക്കില്‍ സജീവമല്ലാത്ത വ്യക്തിയാണ് താന്‍, വെരിഫൈഡ് പേജാണ് തനിക്കുള്ളത്. അത്തരമൊരു പേജില്‍ നിന്നും സന്ദേശം വന്നാല്‍ നീല ടിക് കാണാനാകും. ഇയാള്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്യാന്‍ എന്നെ സഹായിക്കണം. ഇയാള്‍ക്കെതിരേ നിയമപരമായി മുന്നോട്ട് പോകാനാണ് വിചാരിക്കുന്നത്. ഇങ്ങനെ പറ്റിച്ച് എന്താണ് ഇയാള്‍ക്ക് നേടാനുള്ളത് എന്ന് എനിക്കറിയില്ല. അയാളുടെ ഇന്‍സ്റ്റാഗ്രാം പേജ് റിപ്പോര്‍ട്ട് ചെയ്യാന്‍ എന്നെ സഹായിക്കണം.

Exit mobile version