ആരോഗ്യ മേഖലയ്ക്ക് ബിഗ് സല്യൂട്ട്, ലോകത്തിലെ തന്നെ മികച്ച ചികിത്സാ രംഗം; കേരളത്തിന് അഭിനന്ദനം അറിയിച്ച് നടി രഞ്ജിനി

‘കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് ബിഗ് സല്യൂട്ട്, ലോകത്തിലെ തന്നെ മികച്ച ചികിത്സാ രംഗം’ ഇത് നടി രഞ്ജിനിയുടെ വാക്കുകളാണ്. കൊവിഡ് 19 ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗമുക്തി നേടിയത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ മികവാണെന്നും താരം പറയുന്നു.

ലോക രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള സ്വന്തം അനുഭവം വച്ച് അങ്ങനെയാണ് താന്‍ വിശ്വസിക്കുന്നതെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. വൃദ്ധ ദമ്പതികള്‍ കൊവിഡ് 19 മോചിതരായ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് രഞ്ജിനിയുടെ കുറിപ്പ്.

രഞ്ജിനിയുടെ കുറിപ്പ് ഇങ്ങനെ;

‘ആ മുതിര്‍ന്ന ദമ്പതികള്‍ കൊവിഡ് 19 മുക്തരായി ആശുപത്രി വിടുന്ന കാഴ്ച ഒരുപാട് സന്തോഷം നല്‍കി. നമ്മുടെ ആരോഗ്യ മേഖലയ്ക്ക് സല്യൂട്ട്. ലോകത്തിലെ ഏറ്റവും മികച്ചതെന്ന് നമ്മുടെ ആരോഗ്യ മേഖലയെക്കുറിച്ച് അഭിമാനപൂര്‍വ്വം നമുക്ക് പ്രഖ്യാപിക്കാം. വിദേശത്ത് താമസിച്ചതിന്റെയും യാത്ര ചെയ്തതിന്റെയും സ്വന്തം അനുഭവത്തില്‍, ഏറ്റവും മികച്ച ചികിത്സാരംഗം കൊണ്ട് അനുഗ്രഹീതമാണ് കേരളമെന്ന് ഞാന്‍ പറയും.

വിദഗ്ധര്‍ ഇവിടെ പടിവാതില്‍ക്കലുള്ളപ്പോള്‍ പലരും ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നത് എന്തിനാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി. മറ്റ് ജീവനക്കാരെയും വിസ്മരിക്കുന്നില്ല. വെല്‍ ഡണ്‍. ഇതുപോലെ പ്രവര്‍ത്തിക്കുന്നത് തുടരുക. നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ വീട്ടിലിരിക്കും’

Exit mobile version