70 എപ്പിസോഡുകള്‍ പിന്നിട്ട ബിഗ് ബോസ് മലയാളം സീസണ്‍ ടു നിര്‍ത്തുന്നു

70 എപ്പിസോഡുകള്‍ പിന്നിട്ട ബിഗ് ബോസ് മലയാളം സീസണ്ഡ ടു അവസാനിപ്പിക്കുന്നു. കൊവിഡ് 19 സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് നടക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എല്ലാ പ്രൊഡക്ഷന്‍ ജോലികളും നിര്‍ത്തിവച്ചതായി എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

ജീവനക്കാരുടെയും ആര്‍ട്ടിസ്റ്റുകളുടെയും സുരക്ഷയെ കരുതിയാണ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം കൈകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് ഷോ അവതാരകന്‍. എല്ലാ ആഴ്ചയും ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ മോഹന്‍ലാല്‍ ചിത്രീകരണത്തിനായി എത്തുന്നുണ്ട്. നിലവില്‍ ബിഗ് ബോസ്സ് സീസണ്‍ ടു എഴുപത് എപ്പിസോഡുകളാണ് പിന്നിട്ടിരിക്കുന്നത്. നൂറാം എപ്പിസോഡിലാണ് ഗ്രാന്‍ഡ് ഫിനാലെ. ഷോ അവസാനിപ്പിക്കാന്‍ നാല് ആഴ്ച ബാക്കി നില്‍ക്കെയാണ് രണ്ടാം സീസണ്‍ നിര്‍ത്തിവെയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചത്.

ടിവി താരം ആര്യ, സാജു നവോദയ, അമൃതാ സുരേഷ്, അഭിരാമി സുരേഷ്, അലസാന്‍ഡ്ര, സുജോ, ദയാ അച്ചു, ടിക് ടോക് താരം ഫുക്രു, ആര്‍ ജെ രഘു എന്നിവരാണ് ബിഗ് ബോസ് ഷോയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. ബിഗ് ബോസ് രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന ഡോ.രജിത്കുമാര്‍ സഹമല്‍സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചതിന് പുറത്തായിരുന്നു. ഷോയില്‍ നിന്ന് പുറത്ത് വന്ന രജിത് കുമാറിന് സ്വീകരണം ഒരുക്കിയതും വന്‍ വിവാദത്തില്‍ കലാശിച്ചിരുന്നു.

Exit mobile version