തിരൂരിൽ ഡോക്ടറെ കാണാൻ പോയപ്പോൾ തന്നെ തടഞ്ഞെന്ന വാട്‌സ്ആപ്പ് വാർത്ത കള്ളം; പ്രശസ്തനാകുന്നത് ബുദ്ധിമുട്ട്; സെലിബ്രിറ്റിയുടെ സങ്കടമൊക്കെ ആരോടു പറയാൻ: ടൊവീനോ

ജനങ്ങൾക്കിടയിൽ സുപരിചിതരും പ്രശസ്തരുമാകുന്നതോടെ സെലിബ്രിറ്റികൾക്കും കുടുംബാംഗങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ടെന്ന് നടൻ ടൊവീനോ തോമസ്. നടനായതിനു ശേഷം തന്റെയൊപ്പം ഒരു പരിപാടിയ്ക്കും വരാൻ വീട്ടുകാർക്ക് ഇഷ്ടമല്ലെന്നും മകളെ ഒരിക്കൽ സെൽഫി എടുക്കുന്നതിനിടെ തട്ടിയിട്ടതിനെ കുറിച്ച് ആരോട് പരാതി പെടാനാണെന്നും ടൊവീനോ സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന പല സൗഹൃദങ്ങളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് എനിക്ക് തിരികെ തന്നിട്ടുള്ളതെന്നും എന്നാൽ വാട്‌സ്ആപ്പിലൂടെ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് കഷ്ടമാണെന്നും താരം പ്രതികരിച്ചു.

‘നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന പല സൗഹൃദങ്ങളും വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ എനിക്ക് തിരികെ തന്നിട്ടുണ്ട്. പലരെയും അങ്ങോട്ടു വിളിക്കുമ്പോൾ നീ തിരക്കിലായിരിക്കുമെന്നു വിചാരിച്ചിട്ടാണ് ഞാൻ വിളിക്കാത്തത് എന്ന മറുപടികൾ കേൾക്കേണ്ടി വരും. മിസ്ഡ് കോൾ കണ്ടാലെങ്കിലും തിരിച്ചു വിളിക്കാറുമുണ്ട്. ഒന്നു മൂത്രമൊഴിക്കാനിറങ്ങിയാൽ പോലും അതിനെ തെറ്റായി വ്യാഖ്യാനിച്ച് വാർത്തയാക്കുന്ന നാടാണിത്. കഴിഞ്ഞ ദിവസം തിരൂർ വച്ചു നടന്ന ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ എനിക്കൊന്നു മൂത്രമൊഴിക്കണമെന്നു തോന്നി. റോഡരികിൽ കാര്യം സാധിക്കാനാവില്ലല്ലോ. പിറ്റേദിവസം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ ഫോട്ടോ വരും. ഹോട്ടലിലും മറ്റും പോയി അനുവാദം ചോദിക്കും അതാണ് പതിവ്. എന്റെ കൈ മുറിഞ്ഞിട്ടുമുണ്ടായിരുന്നു. ഷൂട്ടിനിടയിൽ സംഭവിച്ചതാണ്. ഒരു പൊതുവേദിയിൽ കയറാൻ പോവുകയല്ലേ. ഒരു ബാന്റ് എയ്ഡ് വാങ്ങാൻ തീരുമാനിച്ചു. കാർ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിർത്തി ബാന്റ് എയ്ഡ് മേടിക്കാൻ മാനേജറെ വിട്ടു. അതു വാങ്ങി ഇറങ്ങുന്നതിനിടയിൽ അടുത്തെവിടെയെങ്കിലും ടോയ്‌ലറ്റ് സൗകര്യമുണ്ടോയെന്നും അന്വേഷിച്ചു കണ്ടെത്തി.’

‘യൂറിക് ആസിഡ് കൂടുതലാണെനിക്ക്. അതുകൊണ്ട് കുറേവെള്ളം കുടിക്കും ഞാൻ. അതിന്റെ ഭാഗമായി പോകുന്ന വഴിക്കൊക്കെ ‘നേച്ചേഴ്‌സ് കോൾ’ ഉണ്ടാകും എന്നതാണ്. അങ്ങനെ ബാന്റ് എയ്ഡിനും എന്റെ കാര്യസാധ്യത്തിനും വേണ്ടി അവിടെ ഇറങ്ങി, ബാന്റ്എയ്ഡ് വാങ്ങി ഒട്ടിച്ചു. ടോയ്‌ലറ്റിലും പോയി. പിറ്റേ ദിവസം വാട്ട്‌സ്അപ്പ് ഗ്രൂപ്പുകളിലൊക്കെ ഒരു വാർത്ത. വൈലത്തൂരിൽ സംഘർഷാവസ്ഥ. ടൊവിനോ പനിയായി ഡോക്ടറെ കാണാൻ ചെന്നപ്പോൾ അവിടെ ആരോ തടഞ്ഞു എന്നെല്ലാം പറഞ്ഞ്. എന്റെയൊപ്പം ഒരു പരിപാടിയ്ക്കും വരാൻ വീട്ടുകാർക്ക് ഇഷ്ടമല്ല. ഒരിക്കൽ സെൽഫിയെടുക്കുന്നതിനിടയിൽ എന്റെ മോളെ തട്ടിയിട്ടു. ഈ സങ്കടമൊക്കെ ആരോടു പറയാൻ. കുടുംബത്തെ കൂടി ബാധിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് എവിടെയും പരാതിപ്പെടാനുമില്ല.’- ടൊവീനോ പറഞ്ഞു.

Exit mobile version