ചിരി പടര്‍ത്തി മരക്കാര്‍ ലോ കോസ്റ്റ് ട്രെയിലര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രോള്‍ വീഡിയോ

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലായിട്ടാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ട് മില്യണിലധികം കാഴ്ചക്കാരുമായി ഒന്നാം സ്ഥാനത്താണ് ട്രെയിലര്‍.

എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മരക്കാറിന്റെ ലോ കോസ്റ്റ് ട്രെയിലറാണ്. പ്രമുഖ ട്രോളനായ അതുല്‍ സജീവ് ഒരുക്കിയ ലോ കോസ്റ്റ് ട്രെയിലറാണ് പ്രേക്ഷകരില്‍ ചിരി പടര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മരക്കാര്‍ ട്രെയിലറിലെ ഓരോ സീനുകള്‍ക്കും അനുയോജ്യമായ കോമഡി രംഗങ്ങള്‍ ചേര്‍ത്തുവെച്ച് തയ്യാറാക്കിയ ലോ കോസ്റ്റ് ട്രെയിലര്‍ ട്രോള്‍ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളു യൂണിയനിലാണ് അതുല്‍ പോസ്റ്റ് ചെയ്തത്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്. മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍, അര്‍ജുന്‍ സര്‍ജ, സുഹാസിനി, ഹരീഷ് പേരടി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. മാര്‍ച്ച് 26 ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version