യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ച് ടൊവീനോയുടെ ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സി’ന്റെ ട്രെയിലര്‍

ടൊവീനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബ് ട്രെന്‍ഡിങില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ട്രെയിലറിപ്പോള്‍.

ബുള്ളറ്റില്‍ ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്നുമെത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയും അവരെ ചുറ്റിപ്പറ്റിയുമുള്ള കഥയുമാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് പറയുന്നത്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ്മോന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. റോഡ് മുവീ സ്വഭാവത്തില്‍പ്പെടുന്ന ചിത്രമാണിത്.

‘രണ്ട് പെണ്‍കുട്ടികള്‍’, ‘കുഞ്ഞു ദൈവം’ എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയനായ സംവിധായകന്‍ ജിയോ ബേബിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ് ,ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മാര്‍ച്ച് 12ന് തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version