വിജയക്കുതിപ്പുമായി ഫോറന്‍സിക്; മൂന്ന് ദിവസം കൊണ്ട് നേടിയത് 7.43 കോടി

ടൊവീനോ തോമസും മംമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ഫോറന്‍സിക്’. തീയ്യേറ്ററുകളില്‍ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 7.43 കോടിയാണ്. ആദ്യ ദിനം തന്നെ ചിത്രം 2.14 കോടി രൂപ കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തിരുന്നു.

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാക്കി ഒരുക്കിയ മലയാളത്തിലെ ആദ്യ മുഴുനീള ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ടൊവീനോ തോമസ് സാമുവല്‍ കാട്ടൂര്‍ക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് എത്തിയത്. മംമ്ത മോഹന്‍ദാസ് റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ആദ്യമായാണ് മംമ്ത ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയത്. രഞ്ജി പണിക്കര്‍, റെബ മോണിക്ക, സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലര്‍ മൂവികളില്‍ ഒന്നാണ് ഫോറന്‍സിക് എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം. അഖില്‍ പോള്‍ – അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version