‘ആ ചിത്രത്തിന്റെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്, ഫോറന്‍സിക് ടീമിന് അഭിനന്ദനങ്ങള്‍’; പ്രിയദര്‍ശന്‍

ടൊവീനോ തോമസും മംമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ഫോറന്‍സിക്’. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ചിത്രത്തെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചത്.

‘ഫോറന്‍സിക് എന്ന ചിത്രത്തെക്കുറിച്ച് നല്ല റിവ്യുകള്‍ കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ആ ചിത്രത്തിന്റെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫോറന്‍സിക് ടീമിന് അഭിനന്ദനങ്ങള്‍’ എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്.

ടൊവീനോ തോമസ് സാമുവല്‍ കാട്ടൂര്‍ക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് എത്തിയത്. മംമ്ത മോഹന്‍ദാസ് റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ആദ്യമായാണ് മംമ്ത ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയത്. രഞ്ജി പണിക്കര്‍, റെബ മോണിക്ക, സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലര്‍ മൂവികളില്‍ ഒന്നാണ് ഫോറന്‍സിക് എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം. അഖില്‍ പോള്‍ – അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version