ടൊയോട്ടയുടെ അത്യാഡംബര വാഹനം സ്വന്തമാക്കി താരരാജാവ്

ടൊയോട്ടയുടെ അത്യാഡംബര വാഹനമായ എംപിവി വെല്‍ഫയര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരരാജാവ് മോഹന്‍ലാല്‍. പുതിയ വാഹനത്തിനൊപ്പമുള്ള ലാലേട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 79.99 ലക്ഷം എക്‌സ്‌ഷോറൂം വിലയുള്ള ഈ വാഹനം കേരളത്തില്‍ മൂന്നുപേര്‍ മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നികുതികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു കോടി രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില.

യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വാഹനമാണിത്. മധ്യനിരയില്‍ പൂര്‍ണ്ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയറിലെ പ്രത്യേകതകള്‍.

117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വണ്ടിക്ക് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

Exit mobile version