ധനുഷിനൊപ്പം ജോജു; കാര്‍ത്തിക് സുബ്ബരാജിന്റെ ‘ജഗമേ തന്തിരം’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

രജനികാന്തിനെ നായകനാക്കി ഒരുക്കിയ പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിന് പേരിട്ടു. ‘ജഗമേ തന്തിരം’എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ധനുഷിന്റെ നാല്‍പതാം ചിത്രമായതിനാല്‍ ‘ഡി 40’ എന്നാണ് ഇതുവരെ പരാമര്‍ശിക്കപ്പെട്ടിരുന്നത്.

ധനുഷിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോജു ജോര്‍ജ് അടക്കമുള്ളവര്‍ മോഷന്‍ പോസ്റ്റര്‍ വീഡിയോയിലുണ്ട്.
ഇറ്റാലിയന്‍ ചിത്രകാരന്‍ ലിയനാഡോ ഡാവിഞ്ചി പതിനഞ്ചാം നൂറ്റാണ്ടില്‍ വരച്ച ‘അന്ത്യ അത്താഴ’ത്തിന്റെ മാതൃകയിലാണ് സുബ്ബരാജ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. മോഷന്‍ പോസ്റ്റര്‍ ആണെങ്കിലും ചിത്രത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവം അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.

‘ഗെയിം ഓഫ് ത്രോണ്‍സി’ല്‍ അഭിനയിച്ച ജെയിംസ് കോസ്‌മോ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സഹനിര്‍മ്മാണം റിലയന്‍സ് എന്റര്‍ടെയ്‌ന്മെന്റ്. മെയ് ഒന്നിന് ചിത്രം തീയറ്ററുകളിലേത്തും. തമിഴിനൊപ്പം തെലുങ്ക് പതിപ്പും മെയ് ഒന്നിന് തീയേറ്ററുകളിലെത്തും.

Exit mobile version