ഗജ തകര്‍ത്ത നാട്ടുകാര്‍ക്ക് സഹായഹസ്തവുമായി നടന്‍ വിശാലും; കരകവയല്‍ ഗ്രാമത്തിനെ ദത്തെടുത്ത് താരം

കരകവയല്‍ ഗ്രാമം പഴയതു പോലെ തന്നെ മുഴുവനായും പുനര്‍നിര്‍മിക്കുമെന്ന് താരം

ചെന്നൈ: ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തഞ്ചാവൂരിനടുത്ത ഗ്രാമത്തിന്റെ
പുനര്‍നിര്‍മ്മാണം ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍. തഞ്ചാവൂരിനടുത്ത കരകവയല്‍ എന്ന ഗ്രാമമാണ് താരം പുനര്‍നിര്‍മാണത്തിനായി ഏറ്റെടുത്തത്.

ഗജ ചുഴലിക്കാറ്റില്‍ ഏറ്റവുമധികം നാശം വിതച്ച പ്രദേശമാണ് കരകവയല്‍. കരകവയല്‍ ഗ്രാമം പഴയതു പോലെ തന്നെ മുഴുവനായും പുനര്‍നിര്‍മിക്കുമെന്ന് താരം ട്വിറ്ററിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സണ്ടക്കോഴിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വിശാല്‍ നിലവില്‍ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ്.

അതേസമയം ഗജ കൊടുങ്കാറ്റിന്റെ കെടുതിയില്‍ അകപ്പെട്ട 50 പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് നടന്‍ രാഘവ ലോറന്‍സ് പറഞ്ഞിരുന്നു. സൂപ്പര്‍ താരങ്ങളായ രജനികാന്ത്, വിജയ്, കമല്‍ ഹസ്സന്‍ എന്നിവരും ഗജ ചുഴലികാറ്റില്‍ നഷ്ട്ടം സംഭവിച്ചവര്‍ക്ക് പണവും സാധന സാമ്രഗികളും നല്‍കിയിട്ടുണ്ട്.

45 ഓളം ആളുകള്‍ക്ക് ഇതിനകം തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ട്ടപെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. നിരവധി പേരുടെ കൃഷിയെയും സാരമായി തന്നെ കൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്.

Exit mobile version