വലിയ നടനായല്ലേയെന്ന് പരിഭവം പറയരുതേ, സ്വന്തമാക്കിയത് ജീവിതത്തില്‍ കണ്ടത് ഏറ്റവും വലിയ സ്വപ്‌നം; പുതിയ വീട് നേടിയ സന്തോഷം പങ്കുവെച്ച് മണികണ്ഠന്‍

ഫേസ്ബുക്കിലൂടെയാണ് മണികണ്ഠന്‍ തന്റെ സ്വന്തം സന്തോഷം പങ്കുവെച്ചത്.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനംകവര്‍ന്ന താരമാണ് നടന്‍ മണികണ്ഠന്‍ ആചാരി. ഇപ്പോള്‍ ഏറെ നാള്‍ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. സ്വന്തമായൊരു വീട് എന്നതായിരുന്നു മണികണ്ഠന്റെ സ്വപ്നം. ഫേസ്ബുക്കിലൂടെയാണ് മണികണ്ഠന്‍ തന്റെ സ്വന്തം സന്തോഷം പങ്കുവെച്ചത്. അതോടൊപ്പം വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിക്കാന്‍ വിട്ടുപോയതില്‍ താരം പരസ്യമായി മാപ്പ് ചോദിക്കുന്നുമുണ്ട്.

മണികണ്ഠന്റെ വാക്കുകള്‍;

സ്വപ്നം പോലെ തന്നെ പാലു കാച്ചി, സ്വന്തം വീട്ടില്‍ കയറി. ജീവിതത്തിലെ വലിയൊരു സ്വപ്നമായിരുന്നു സ്വന്തം വീട്. വളരെ സന്തോഷത്തോടെ പറയേണ്ട കാര്യമാണ്. എന്നാല്‍ ആരെയും വിളിക്കാന്‍ പറ്റാത്തതിന്റെ വിഷമം എനിക്കുണ്ട്. വേണ്ടപ്പെട്ട പലരെയും ക്ഷണിക്കാന്‍ സാധിച്ചില്ല. ചിലരെ വിളിച്ചു. ചിലരോടൊന്നും പറയാന്‍ പറ്റിയില്ല. അതിന്റെ കുറ്റബോധമുണ്ട്. വലിയ നടനായല്ലേയെന്നെല്ലാം പറഞ്ഞ് ചിലര്‍ പരിഭവം പറഞ്ഞു. അതിനാലാണ് ലൈവ് വീഡിയോ ഇടാമെന്നു തീരുമാനിച്ചത്.

അറിവില്ലായ്മയും പരിചയക്കുറവും കാരണമാണ് അങ്ങനെ സംഭവിച്ചത്. വീട് സ്വന്തമായെന്നു ഇപ്പോഴും പറയാറായിട്ടില്ല. ഒരുപാടു പേരില്‍ നിന്നും കടം വാങ്ങിയും ബാങ്ക് ലോണെടുത്തുമാണ് വീടു വച്ചത്. അതെല്ലാം തിരിച്ചടച്ചു കഴിഞ്ഞാലേ വീട് എന്റേതാകുകയുള്ളൂ. അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്കാണ് മാപ്പു ചോദിക്കേണ്ടത്. ഇത് അറിയാതെ സംഭവിച്ചതല്ല. അതിനാല്‍ മാപ്പു ചോദിക്കാന്‍ പോലും ഞാനാളല്ല. എന്നെ വെറുക്കരുത്. നിങ്ങളുടെയെല്ലാം സ്‌നേഹം എനിക്കിനിയും വേണം.

Exit mobile version