നന്ദി ഒരുപാട് നന്ദി; സംവിധായകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് നീരജ്; വീഡിയോ വൈറല്‍

മലയാളികളുടെ പ്രിയ നടന്‍ നീരജ് മാധവിന്റെ ഏറ്റവും പുതിയ ചിത്രമാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘ഗൗതമന്റെ രഥം’. സിനിമ പുറത്തിറങ്ങിയ ദിവസം ഷോ കാണനെത്തിയ നീരജ് സംവിധായകനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നീരജ് തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രേക്ഷകര്‍ക്ക് നന്ദി പറയുന്ന ഒരു കുറിപ്പും വീഡിയോയ്‌ക്കൊപ്പമുണ്ടായിരുന്നു. സാറ്റലൈറ്റ് വാല്യു ഇല്ലാത്ത, കുറെ നാളായി മലയാളത്തില്‍ സിനിമ ചെയ്യാത്ത നടന്‍, ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായാകന്‍, വിശ്വസിച്ചു കാശിറക്കിയ നിര്‍മാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കള്‍! എല്ലാവര്‍ക്കും നന്ദിയെന്ന് നീരജ് പറഞ്ഞു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ മെമ്മറീസ് എന്ന ചിത്രത്തിലൂടെയാണ് നീരജ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് പ്രേക്ഷക പ്രീതിനേടിയ ഒട്ടനവധി ചിത്രങ്ങളില്‍ നീരജിന്റെ സാനിദ്ധ്യമുണ്ടായിരുന്നു. ഒരു ചെറിയ ഇടവേളക്കു ശേഷം നീരജ് നായകനായി എത്തിയ ചിത്രമാണ് ഗൗതമന്റെ രഥം.

നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാറ്റലൈറ്റ് വാല്യു ഇല്ലാത്ത, കുറെ നാളായി മലയാളത്തില്‍ സിനിമ ചെയ്യാത്ത നടന്‍, ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായാകന്‍, വിശ്വസിച്ചു കാശിറക്കിയ നിര്‍മാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കള്‍! ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററില്‍ ഏറ്റവും പിറകിലെ നിരയില്‍ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തില്‍ പടം തീര്‍ന്നു എന്റ് ക്രഡിറ്റ്‌സ് തുടങ്ങിയപ്പോള്‍ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി….

Exit mobile version