17 മണിക്കൂറിനുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ടൊവീനോയുടെ ഫോറന്‍സികിന്റെ ടീസര്‍

റിലീസ് ചെയ്ത് പതിനേഴ് മണിക്കൂറിനുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ടൊവീനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ഫോറന്‍സികിന്റെ ടീസര്‍. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ടൊവീനോ എത്തുന്നത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് മംമ്ത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആദ്യമായാണ് മംമ്ത പോലീസ് വേഷത്തില്‍ എത്തുന്നത്.

ത്രില്ലര്‍ കാറ്റഗറിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്. സീരിയല്‍ കൊലപാതകങ്ങളും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രം പറയുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സംവിധായകരായ അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെവന്‍ത് ഡേയുടെ തിരക്കഥ എഴുതിയത് അഖില്‍ പോള്‍ ആയിരുന്നു. ജെയ്ക്സ് ബിജോയ് ആണ് സംഗീതം. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version