ചിന്നുവും കൂട്ടരും എവിടെ നിർത്തിയോ അവിടെ തുടങ്ങുന്നു; ക്വീൻ രണ്ടാം ഭാഗം ഉടൻ? സൂചനകളുമായി സംവിധായകൻ ഡിജോ

എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞ് 2018ൽ തരംഗമായ ചിത്രം ക്വീനിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ച് സംവിധായകൻ ഡിജോ ജോസ് ആന്റണി. നർത്തകിയായ സാനിയ ഈയ്യപ്പന്റെ നായികയായുള്ള ആദ്യചിത്രമായിരുന്നു ക്വീൻ. ചിത്രം പുറത്തിറങ്ങി രണ്ട് വർഷം തികയുമ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന സൂചന നൽകി സംവിധായകൻ ഡിജോ രംഗത്തെത്തിയിരിക്കുന്നത്.

എവിടെ നിർത്തിയോ അവിടെ തുടങ്ങുന്നു. പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല. എന്ന് പറഞ്ഞു കൊണ്ടാണ് ഡിജോ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. ക്വീൻ ടീം വീണ്ടും ഒത്തുചേരുകയാണെന്ന് സംവിധായകൻ പറയുന്നു. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നാണ് സംവിധായകൻ പറയുന്നത്. അതേസമയം, ക്വീൻ 2 അല്ലാതെ ഇതേ ടീമിന്റെ തന്നെ മറ്റൊരു ചിത്രമാണോ എന്ന കാര്യവും സംശയത്തിലാണ്.

പുതുമുഖങ്ങളായ സാനിയ ഇയ്യപ്പൻ, ധ്രുവൻ, എൽദോ മാത്യു, അശ്വിൻ, തുടങ്ങിയവരായിരുന്നു ക്വീനിലെ പ്രധാന വേഷങ്ങളിലെത്തിയത്. ഷെരീസ് മുഹമ്മദും ജെബിൻ ജോസഫുമായിരുന്നു തിരക്കഥ. അതേസമയം ടൊവീനോ തോമസിനെ നായകനാക്കി ഡിജോ സംവിധാനം ചെയ്യുന്ന ചിത്രം പള്ളിച്ചട്ടമ്പിയും പുരോഗമിക്കുകയാണ്.

Exit mobile version