‘വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു’; മരട് വിഷയത്തില്‍ ചിത്രവുമായി കണ്ണന്‍ താമരക്കുളം

'മരട് 357' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്

തീരദേശ നിയമം ലംഘിച്ച് പണിതതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട മരട് ഫ്‌ളാറ്റിനെ ആസ്പദമാക്കി മലയാളത്തില്‍ സിനിമ ഒരുങ്ങുന്നു. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധായകന്‍. ജയറാമിനെ നായകനാക്കി ഒരുക്കിയ ‘പട്ടാഭിരാമന്‍’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചിത്രം കൂടിയാണിത്. കണ്ണന്‍ താമരക്കുളം തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തെ കുറിച്ച് അറിയിച്ചത്.

‘മരട് 357’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ‘വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം മരടിലെ ഫ്ളാറ്റുകള്‍ നാളെ രാവിലെ പൊളിക്കും. നാളെ രാവിലെ 10.30 ന് എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ളാറ്റല്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്. കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ ഇരട്ട ഫ്ളാറ്റുകളിലും സ്ഫോടനം നടക്കും. മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഫ്ളാറ്റുകളും നിലംപൊത്തും. സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version