‘കടമായി കിട്ടുമോ നമ്മുടെ ആ പഴയ കാലം, ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലാത്തയാള്‍ ആദ്യമായി കടം ചോദിച്ചു’; സോഷ്യല്‍ മീഡിയയില്‍ വൈറലായി കീരിക്കാടന്‍ ജോസിനെ കുറിച്ചുള്ള കുറിപ്പ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വില്ലനാണ് കീരിക്കാടന്‍ ജോസ് എന്ന മോഹന്‍രാജ്. അദ്ദേഹം ആശുപത്രിയില്‍ കഴിയുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അദ്ദേഹം സഹായിക്കാന്‍ ആരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അവശനിലയില്‍ കഴിയുകയാണെന്ന തരത്തില്‍ വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന് സാമ്പത്തിക പരാധീനകള്‍ ഇല്ലെന്ന് വ്യക്തമാക്കി നടന്‍ ഇടവേള ബാബു രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ എബ്രഹാം മാത്യു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 1987-89 കാലഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പെ കോഴിക്കോട് നളന്ദ ഹോട്ടലില്‍ കഴിഞ്ഞ കാലങ്ങളെ കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം ആരോടും സഹായം ചോദിക്കാത്ത പ്രകൃതമുള്ള മോഹന്‍ രാജ് ആത്മാഭിമാനിയാണെന്നും സാമ്പത്തിക ദുരിതത്തിലാണെന്ന വാര്‍ത്ത വ്യാജമാണെന്നും അഭിനയ ജീവിതം കൊണ്ട് മെച്ചപ്പെട്ട സാമ്പത്തിക നിലയിലാണ് അദ്ദേഹമെന്നുമാണ് എബ്രഹാം മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.

എബ്രഹാം മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഹോട്ടല്‍ നളന്ദ; കോഴിക്കോട്; 1987-89.അടുത്ത മുറിയില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ – 102 കിലോ തൂക്കം; 6 അടി 3ഇഞ്ച് ഉയരം.അന്ന് മാതൃഭൂമിയില്‍ സബ് എഡിറ്റര്‍ ട്രയിനി; ഡ്യൂട്ടി തീരാന്‍ രാത്രി വൈകും; എത്തുമ്പോഴേക്കും പകുതി തുറന്ന മുറിയില്‍ സ്‌നേഹിതന്‍ കാത്തിരിക്കുന്നു. മേശമേല്‍ ചപ്പാത്തി, ചിക്കന്‍, ഉലഞ്ഞുതീരാറായ ഫുള്‍ബോട്ടില്‍. അട്ടഹാസമാണു സ്‌നേഹം.മുഴങ്ങുന്ന ചിരി, കറുത്ത ഷര്‍ട്ട്, എന്റെ ദുര്‍ബലമായ കെയ് കരുത്തില്‍ അമരുന്നു.’പോകാം.ബുള്ളറ്റ് സ്റ്റാര്‍ട്ടായി. അസമയത്തെ കോഴിക്കോട് ബീച്ച്. നിര്‍ഭയനും സാഹസികനുമായ സ്‌നേഹിതനൊപ്പം നിലാവുകണ്ടും കിനാവുകണ്ടും കിടന്നു.മൗനമാണു സ്‌നേഹം.

ഒരു ബീച്ച് രാത്രിയില്‍ ഏതോ തമിഴ് സിനിമയില്‍ ചെയ്ത ചെറുവില്ലന്‍ വേഷത്തെപ്പറ്റി സ്‌നേഹിതന്‍ ലജ്ജയോടെ പറഞ്ഞു. വെറുതെ, സ്റ്റണ്ട് സീന്‍ റിപ്പീറ്റ് ചെയ്തു;ബീച്ചിലെ അവസാന സന്ദര്‍ശകന്‍ അതുകണ്ട് തിരിഞ്ഞുനോക്കിപ്പോകുന്നു. റെഡി മെയ്ഡ് ഷര്‍ട്ട് പാകമാകില്ല. തുണിയെടുത്ത് തയ്പിക്കാന്‍ കടകള്‍ കയറിയിറങ്ങി.എക്‌സ്ട്രാ ലാര്‍ജജും പോര; അളവെടുക്കാന്‍ വൃദ്ധനായ തയ്യല്‍ക്കാരന്‍ പാടുപെടുന്നു. ബുള്ളറ്റിനുപിന്നിലെ എനിക്ക് കഷ്ടിച്ച് അന്‍പത് കിലോ തൂക്കം; അന്തരമായിരിക്കും സ്‌നേഹം.

ഒരു ദിവസം നളന്ദയിലെ റിസപ്ഷനിലേക്ക് ഫോണ്‍. ഫോട്ടോ കണ്ടതിന്റെ വിളി. സിബിമലയിലിന്റെ സംവിധാനസഹായായിരുന്നെന്ന് ഓര്‍മ്മ. മൊബൈല്‍ഫോണ്‍ ഭാവനയില്‍ വന്നിട്ടില്ല. തിരുവനന്തപുരത്ത് പോകണം; പോയി.പിന്നെ വിശേഷം വിളിച്ചു പറഞ്ഞു: ”കിരീടത്തില്‍ വില്ലന്‍ വേഷം’,’നല്ല റോളാണോ”ആര്‍ക്കറിയാം; ഫൈറ്റുണ്ട്. നല്ല ഫൈറ്റ്.’ഷൂട്ടിംഗ് കഴിഞ്ഞുവന്നു.”എങ്ങനെ?”പടം ഇറങ്ങുമാരിക്കും; മോഹന്‍ലാലിനെ ചവിട്ടുന്ന സീനുണ്ട്. ”സത്യം?”നളന്ദയിലെ പരിചാരകര്‍ വിശ്വസിക്കുന്നില്ല.പിന്നെ കിരീടത്തിന്റെ പരസ്യം പ്രത്രത്തില്‍.പുതുമുഖവില്ലന്‍ മോഹന്‍രാജ്!ചിത്രമായി താടിവച്ച മുഖം.അന്നത്തെ ബീച്ച് രാത്രി വൈകി;നളന്ദയിലെ മറ്റ് സ്‌നേഹിതര്‍ ഒത്തുകൂടി.ജോര്‍ജ്ജ്, സോമന്‍, രവി.

കിരീടം കാത്തിരുന്നു.റിലീസ് ചെയ്ത ദിവസം സെക്കന്‍ഡ് ഷോയ്ക്ക് ബുള്ളറ്റ് ബീച്ചില്‍ പോകാതെ തിയറ്ററിലേക്ക്.ടെന്‍ഷന്‍കൊണ്ട് ചങ്കിടിക്കുന്നുണ്ടെന്ന് പറഞ്ഞു.സിഗരറ്റ് ജ്വലിച്ചു. മരിച്ചു.കീരിക്കാടന്‍ ജോസ്.മാസ് എന്‍ട്രി, പ്രേക്ഷകര്‍ ശ്വാസം അടക്കി;ഇടയിലിരുന്ന് ഞങ്ങളും.ഇന്റര്‍വെല്‍ പുറത്തേക്കിറങ്ങുമ്പോള്‍ ചിലര്‍ക്ക് സംശയം; കീരിക്കാടന്‍.മോഹന്‍രാജ് നാണിച്ചു തലകുലുക്കി.തിയറ്റര്‍ ഇളകുന്നു;തിരിഞ്ഞുനോക്കുന്നു.സിനിമ തീര്‍ന്നു.ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ആരാധകര്‍ സമ്മതിക്കുന്നില്ല.ചിലര്‍ പിന്നാലെ.സാഗര്‍ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍.സിനിമ കഴിഞ്ഞെത്തിയവര്‍ അവിടെയും.
‘താരമായി”സിനിമ ഓടുമോ?”അടുത്ത സിഗരറ്റ് മിന്നുന്നു.അന്നും ബീച്ച് മുടക്കിയില്ല; പാതിരാ കഴിഞ്ഞു.കറുത്തകടലും കറുത്ത ആകാശവും ഒന്നായി പതഞ്ഞു.സ്‌നേഹിതന്റെ കൈകളില്‍ തലോടി നോക്കി.ഇതേ കൈയ്കളില്‍ തന്നെയല്ലേ ഊരിപ്പിടിച്ച കത്തിയുമായി നായകന്റെ നേര്‍ക്ക്.
ജനം ചങ്കിടിപ്പോടെ.സത്യം, താരജീവിതം അയാള്‍ സ്വപ്നം കണ്ടിരുന്നില്ല.കുനിയാത്ത ശിരസ്സ്; വെട്ടിതുറന്ന പ്രകൃതം.”എനിക്കിതൊന്നും പറ്റില്ല തുറന്ന മനസ്സാണ് സ്‌നേഹം,ഒരു വര്‍ഷത്തിനുശേഷം പിരിഞ്ഞു.ഒന്നാംനിര വില്ലനായ സ്ഥിതിക്ക് മോഹന്‍രാജ് ചെന്നൈയിലേക്ക്;കോട്ടയം മാതൃഭൂമി ലേഖകനായി ഞാനും, കല്യാണമായപ്പോള്‍ ക്ഷണിച്ചു.കോട്ടയം പള്ളിമുറ്റത്തെ കല്യാണദിന ഓര്‍മ്മ. മോഹന്‍രാജ് വന്നു.
പള്ളിക്കകത്തേക്കു കയറാന്‍ ആരാധകര്‍ കീരിക്കാടനെ സമ്മതിക്കുന്നുണ്ടായിരുന്നില്ല.

തിരുവനന്തപുരം ജനറല്‍ ആശുപ്രതി.വീണ്ടും കണ്ടു; അതിവേഗതയുടെ 30 വര്‍ഷങ്ങള്‍!
സമൂഹമാധ്യമങ്ങള്‍ ”കീരിക്കാടനെ പറ്റി നിറംപിടിപ്പിച്ച വാര്‍ത്തകള്‍ നല്കി.മോഹന്‍രാജ് രോഷം പങ്കുവച്ചു. വ്യാജവാര്‍ത്തക്കെതിരെ പൊലീസിനു നല്കിയ പരാതി വായിക്കാന്‍ തന്നു.വെരിക്കോസ് വെയ്ന്‍.നടക്കാന്‍ പ്രയാസം.ചികിത്സയും മരുന്നും; കുറച്ച് ക്ഷീണവും.കട്ടിലിലേക്ക് മെല്ലെ ഇരുന്നു.കൈയ് തോളില്‍ വച്ചപ്പോള്‍ ഭാരം ഓര്‍ത്തു;നൂറില്‍ കുറഞ്ഞിട്ടില്ല.നളന്ദരാതികള്‍ തിരികെ വന്നു. യൗവനവേഗങ്ങളോര്‍ത്തു; ചിലതു മുറിഞ്ഞു.കൂടിച്ചേരുന്ന മുറിവുകളാണു സ്‌നേഹം.മുറിഞ്ഞതു കൂട്ടിച്ചേര്‍ത്തപ്പോള്‍ ചിരിച്ചു.ചിരി തുടര്‍ന്നപ്പോള്‍ കിതച്ചു.

തമിഴ്, തെലുങ്ക്, മലയാളം. നൂറ്റമ്പതില്‍പരം സിനിമകള്‍.മലയാളത്തില്‍ സ്വന്തം പേരിനെക്കാള്‍ പ്രശസ്തമായ കഥാപാത്രത്തിന്റെ പേരുണ്ട്കൂടെ. ആത്മാഭിമാനിയാണ് മോഹന്‍ രാജ്. ആരോടും സഹായം ചോദിക്കാത്തെ പ്രകൃതം. ഇപ്പോള്‍ സാമ്പത്തിക ദുരിതത്തിലാണെന്ന വാര്‍ത്ത വ്യാജമാണ്. അഭിനയ ജീവിതം കൊണ്ട് മെച്ചപ്പെട്ട സാമ്പത്തിക നിലയിലുമാണ്.

ഭാര്യയും രണ്ടു പെണ്‍മക്കളും ചെന്നെയില്‍; ഇടക്കവര്‍ വന്നുപോകുന്നു.യാത്രപറയാന്‍നേരം മോഹന്‍രാജ് കൈ നീട്ടി.ഓര്‍മ്മയില്‍ കണ്ണുകള്‍ തിളങ്ങി.”കടമായി കിട്ടുമോ നമ്മുടെ പഴയകാലം.?ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലാത്തയാള്‍ ആദ്യമായി കടം ചോദിച്ചു.

Exit mobile version