പടവെട്ടാനായി മരക്കാര്‍ എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

2020 മാര്‍ച്ച് 26ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമയിട്ടാണ് മോഹന്‍ലാല്‍ ഈ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘പുതുവത്സരാശംസകള്‍. ദൈവത്തിന്റെ അനുഗ്രഹത്തോടെ ഒരു ദൃശ്യവിരുന്നു ഈ വര്‍ഷം നിങ്ങള്‍ക്ക് ഞങ്ങള്‍ പ്രോമിസ് ചെയ്യട്ടെ, എന്റെ ഹൃദയത്തോട് ചേര്‍ത്ത് വച്ച ഒരു ചിത്രത്തോടെ – മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്നാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് കൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്.

2020 മാര്‍ച്ച് 26ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ഭാഷകളിലായി അയ്യായിരം തീയ്യേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്.

മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍, അര്‍ജുന്‍ സര്‍ജ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നൂറു കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version