‘അഞ്ചും പാതിരയും തമ്മില്‍ എന്താണ് ബന്ധമെന്നാണ് ഈ ചിത്രം പറയുന്നത്’; ‘അഞ്ചാം പാതിര’യെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

ആട്, ആന്‍മരിയ കലിപ്പിലാണ് മുതലായ കോമഡി ഫീല്‍ഗുഡ് ചിത്രം ചെയ്ത സംവിധായകനില്‍ നിന്ന് ഇത്തരമൊരു കഥ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല

മിഥുന്‍ മാനുവല്‍ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന ക്രൈം ത്രില്ലറാണ് ‘അഞ്ചാം പാതിര’. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കണമെന്നത് തന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അടുത്ത വര്‍ഷം തീയ്യേറ്ററുകളില്‍ എത്തുന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമാണ് ‘അഞ്ചാം പാതിര’.

‘ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം. അഞ്ചും പാതിരയും തമ്മില്‍ എന്താണ് ബന്ധമെന്നാണ് ചിത്രം പറയുന്നത്. നമ്മള്‍ പ്രതീക്ഷിക്കുന്ന ചേരുവയല്ല അഞ്ചാം പാതിരയുടേത്. ഈ ചിത്രത്തിന്റെ കഥ കേള്‍ക്കാന്‍ എന്നോട് ആവശ്യപ്പെടുന്നത് നിര്‍മ്മാതാവ് ആഷിക് ഉസ്മാനാണ്. ആട്, ആന്‍മരിയ കലിപ്പിലാണ് മുതലായ കോമഡി ഫീല്‍ഗുഡ് ചിത്രം ചെയ്ത സംവിധായകനില്‍ നിന്ന് ഇത്തരമൊരു കഥ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കഥ കേട്ടു കഴിഞ്ഞ് ഞാന്‍ ആദ്യം മിഥുനിനോട് ചോദിച്ചത്, ഇതിനുപിറകില്‍ ഏത് കൊറിയന്‍പടമാണ് എന്നാണ്. പക്ഷേ, അവന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞത്, ഇത് ഒരു കൊറിയന്‍ പടത്തിലും കാണാന്‍ പറ്റില്ല എന്നാണ്. ഇതൊരു യഥാര്‍ഥ സംഭവമാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും ചിലപ്പോള്‍ നടന്നതാകാം’ എന്നാണ് അഭിമുഖത്തില്‍ ചാക്കോച്ചന്‍ പറഞ്ഞത്.

ചിത്രത്തില്‍ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നത്. ശ്രീനാഥ് ഭാസി, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, ജാഫര്‍ ഇടുക്കി, ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version