‘ഡബ്ലൂസിസി രൂപീകരിച്ച സമയത്ത് ഇന്‍ഡസ്ട്രിയിലെ പല ചെറുപ്പക്കാരും ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു, പക്ഷേ ഭയം കാരണം അവരാരും ഇത് പരസ്യമായി പറയില്ല’; ഗീതു മോഹന്‍ദാസ്

മലയാള സിനിമയിലെ വനിതാ സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഡബ്ലൂസിസി. സംഘടനയുടെ രൂപീകരണം ചരിത്രപരമായ ഒരു മുന്നേറ്റം തന്നെയായിരുന്നു. അതേസമയം ഈ സംഘടന രൂപീകരിക്കപ്പെട്ടതിന് ശേഷം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളുടെ വര്‍ക്കിംഗ് സ്പേസില്‍ വിപ്ലവകരമായ മാറ്റം വന്നുവെന്നാണ് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. സംഘടനയുടെ അമരത്ത് നില്‍ക്കുന്ന ഒരു താരം കൂടിയാണ് ഗീതു മോഹന്‍ദാസ്.

‘എല്ലായിടത്തും വിപ്ലവം വരുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനുള്ള പ്രവണതയുണ്ടാകാം. നമ്മളെ ട്രോള്‍ ചെയ്യാം, മാറ്റി നിര്‍ത്താം, ഇല്ലാതാക്കാം. പക്ഷേ, നമ്മളൊരിക്കലും നമ്മുടെ ലക്ഷ്യം മറക്കരുത്. നമ്മള്‍ ഇപ്പോള്‍ ചെയ്യുന്ന ഒരു കാര്യം പരാജയം ആണെങ്കില്‍ കൂടി അമ്പത് വര്‍ഷം കഴിയുമ്പോള്‍ ഈ പരാജയം ആയിരിക്കും ഏറ്റവും വലിയ വിജയം.

ഡബ്ലൂസിസി രൂപീകരിച്ച സമയത്ത് നമ്മുടെ ഇന്‍ഡസ്ട്രിയിലെ ചെറുപ്പക്കാരില്‍ ഒരുപാടു പേര്‍, ‘ദിസ് ഈസ് ഗ്രേറ്റ്, സപ്പോര്‍ട്ട് ചെയ്യുന്നു’വെന്ന് പറഞ്ഞു മെസേജ് അയച്ചിരുന്നു. പക്ഷേ, അവരാരും ഒരിക്കലും ഇത് പബ്ലിക്കായി പറയില്ല. കാരണം, എവിടെയോ ഒരു തരത്തിലുള്ള പേടിയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ കുറച്ചു പേര്‍ ഇതിനായി മുന്നിട്ടിറങ്ങണം. അതിന് ഞങ്ങള്‍ തയ്യാറുമാണ്. എന്റെ വീട്ടില്‍ കല്ലേറു കൊണ്ടില്ല, അതുകൊണ്ടെനിക്കു കുഴപ്പമില്ല എന്ന് പറയുന്ന അത്തരം ആറ്റിറ്റിയൂഡ് എനിക്ക് ഇഷ്ടമല്ല. വളരെ പ്രിവിലേജ്ഡ് ആയ ആളുകളാണു നമ്മള്‍. അതുകൊണ്ടു തന്നെ മറ്റുള്ളവര്‍ക്കും വേണ്ടി സംസാരിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്’ എന്നാണ് ഗീതു മോഹന്‍ദാസ് അഭിമുഖത്തില്‍ പറഞ്ഞത്.

നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ‘മൂത്തോന്‍’ ആണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം. തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.

Exit mobile version