‘മഹേഷിന്റെ പ്രതികാരം’ തെലുങ്കിലേക്ക്; ചിത്രം നിര്‍മ്മിക്കുന്നത് ‘ബാഹുബലി’ നിര്‍മ്മിച്ച അര്‍ക മീഡിയ വര്‍ക്‌സ്

'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ' എന്നാണ് ചിത്രത്തിന്റെ പേര്

ഫഹദ് ഫാസിലിനെ നായകനാക്കി ദീലീഷ് പോത്തന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘മഹേഷിന്റെ പ്രതികാരം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ഫഹദ് അവതരിപ്പിച്ച ‘മഹേഷ് ഭാവന’ എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് സത്യ ദേവ് ആണ്. ‘ഉമാ മഹേശ്വര റാവു’ എന്നാണ് തെലുങ്കില്‍ കഥാപാത്രത്തിന്റെ പേര്.

‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ നായകന്റെ സ്റ്റുഡിയോയുടെ പേര് ‘കോമാളി സ്റ്റുഡിയോ’ എന്നാണ്. വെങ്കടേഷ് മഹയാണ് ചിത്രത്തിന്റെ സംവിധായകന്‍. ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’ നിര്‍മ്മിച്ച അര്‍ക മീഡിയ വര്‍ക്‌സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സുഹാസ്, ജബ്ബര്‍ദസ്ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബിജിബാലാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഏപ്രില്‍ പതിനേഴിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ‘നിമിര്‍’ എന്ന പേരില്‍ ചിത്രത്തിന്റെ തമിഴ് റീമേക്ക് തീയ്യേറ്ററുകളില്‍ എത്തിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ ആയിരുന്നു നായകന്‍ ആയി എത്തിയത്.

Exit mobile version