പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മിഥുന്‍ മാനുവല്‍ തോമസ്; ‘അഞ്ചാം പാതിര’യുടെ ഗംഭീര ട്രെയിലര്‍ പുറത്തുവിട്ടു

മിഥുന്‍ മാനുവല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രം കൂടിയാണിത്

മിഥുന്‍ മാനുവല്‍ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന ക്രൈം ത്രില്ലറായ ‘അഞ്ചാം പാതിരാ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ട്രെയിലര്‍. പോലീസിനെ കുഴക്കുന്ന ഒരു സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. യൂട്യൂബ് ട്രെന്‍ഡിങില്‍ മൂന്നാമതാണ് ട്രെയിലറിപ്പോള്‍.

മിഥുന്‍ മാനുവല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രം കൂടിയാണിത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. ശ്രീനാഥ് ഭാസി, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, ജാഫര്‍ ഇടുക്കി, ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2 എന്നിവയാണ് മിഥുന്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version