‘അഭിനയ പരിചയമുള്ള നടനൊപ്പം അഭിനയിക്കുന്നതു പോലെയാണ് റോഷനൊപ്പം അഭിനയിച്ചപ്പോള്‍ തോന്നിയത്’; മഞ്ജുവാര്യര്‍

കഴിഞ്ഞ ദിവസം തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്

‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രതി പൂവന്‍ കോഴി’. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഈ ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് എത്തിയത്. റോഷന്റെ അഭിനയം എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റി തനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്നാണ് മഞ്ജു വാര്യര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘റോഷന്‍ നല്ല നടനാണെന്ന് അദ്ദേഹത്തെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അഭിനയിച്ചു കാണിച്ചു തരുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് റോഷന്‍. അതുകൊണ്ടു തന്നെ റോഷന്റെ അഭിനയം എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റി എനിക്ക് സംശയമേ ഉണ്ടായിരുന്നില്ല. അത്രയും ദിവസം ക്യാമറയ്ക്കു പിന്നില്‍ നിന്ന സംവിധായകന്‍ ഒപ്പം വന്ന് അഭിനയിക്കുമ്പോഴുള്ള കൗതുകം തുടക്കത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നല്ല അനുഭവപരിചയമുള്ള നടനൊപ്പം അഭിനയിക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്’ എന്നാണ് അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞത്.

അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version