മഞ്ജു വാര്യര്‍ സൂപ്പര്‍, റോഷന്‍ ആന്‍ഡ്രൂസ് അതുക്കും മേലെ; ‘പ്രതി പൂവന്‍ കോഴി’, പ്രേക്ഷക പ്രതികരണം

പതിവു പോലെ ഇത്തവണയും ലേഡീ സൂപ്പര്‍ സ്റ്റാര്‍ തന്റെ പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ല

‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രതി പൂവന്‍ കോഴി’. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഈ ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് എത്തിയത്.

പതിവു പോലെ ഇത്തവണയും ലേഡീ സൂപ്പര്‍ സ്റ്റാര്‍ തന്റെ പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ല. ഗംഭീര പ്രകടനമാണ് താരം ചിത്രത്തില്‍ കാഴ്ചവെച്ചത്. അതേസമയം ലേഡീ സൂപ്പര്‍ സ്റ്റാറിനെ വെല്ലുന്ന പ്രകടനമാണ് വില്ലന്‍ വേഷത്തിലെത്തിയ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് കാഴ്ചവെച്ചത്. ചിത്രത്തില്‍ ‘മാധുരി’ എന്ന സെയില്‍സ് ഗേളായി മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ ‘ആന്റപ്പന്‍’ എന്ന വില്ലന്‍ വേഷത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് എത്തിയത്. വില്ലനായിട്ടുള്ള അരങ്ങേറ്റം റോഷന്‍ ആന്‍ഡ്രൂസ് തകര്‍ത്തുവെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം. അതേസമയം തന്നെ എന്നും കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ച മഞ്ജു വാര്യര്‍ ഇത്തവണയും പ്രേക്ഷകരെ നിശാശപ്പെടുത്തിയിട്ടില്ല. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ തന്നില്‍ ഭദ്രമാണെന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ കാഴ്ച വെച്ചത്.

തുണിക്കടയിലെ സെയില്‍സ് ഗേളാണ് മാധുരി. അവളും സുഹൃത്ത് റോസും എന്നും ഒരുമിച്ചാണ് ജോലിക്കു പോകുന്നതും വരുന്നതും. അങ്ങനെയിരിക്കെ ഒരു ദിവസം ബസില്‍ വെച്ച് മാധുരിയെ ഒരു അന്യപുരുഷന്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നു. ആദ്യം പകച്ചു പോയെങ്കിലും പിന്നീട് ധൈര്യം സംഭരിച്ച് മാധുരി അയാളെ തേടിയിറങ്ങുകയാണ്. തന്നെ പിന്നിലൂടെ വന്ന് ഭീരുവിനെപ്പോലെ സ്പര്‍ശിച്ച ആളെ നേരെ നിന്നു തല്ലണമെന്ന വാശിയായി മാധുരിക്ക്. എന്നാല്‍ അയാള്‍ കോട്ടയം ചന്തയെ വിറപ്പിക്കുന്ന ആന്റപ്പനെന്ന ഗുണ്ടയാണെന്ന് മാധുരി മനസിലാക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version