അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല; രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഐക്യത്തോടെ തുടരണം; രജനികാന്ത്

ചെന്നൈ: പൗരത്വ നിയമത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പ്രതിഷേധങ്ങള്‍ പലതും അക്രമങ്ങളിലേക്ക് വഴിമാറുകയും ചെയ്യുന്നുണ്ട്. അതിനിടെ രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ രജനികാന്ത്. അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള മാര്‍മല്ലെന്ന് രജനീ കാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നത്.

ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ വലിയ വേദന ഉളവാക്കുന്നു. രാജ്യത്തിന്റെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഐക്യത്തോടെയും ജാഗ്രതയോടെയും തുടരാന്‍ ഓരോ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുന്നു- രജനി ട്വിറ്ററില്‍ കുറിച്ചു.

അതെസമയം നിയമത്തിന് എതിരെ വന്‍ പ്രതിഷേധമാണ് രാജ്യവ്യാപകമായി നടക്കുന്നത്. യുപിയിലും മധ്യപ്രദേശിലും പ്രക്ഷോഭം കത്തിപടരുകയാണ്. യുപിയില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ലക്‌നോ, പിലിബിത്ത്, പ്രയാഗ് രാജ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. ലക്‌നോവില്‍ നിയന്ത്രണം ശനിയാഴ്ച വരെ തുടരും.

സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം കനത്ത സുരക്ഷാ സന്നാഹമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ മധ്യപ്രദേശിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 44 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version