‘ഞങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു’; കല്യാണി പ്രിയദര്‍ശന്‍

വൈകാരികമായ നിരവധി പ്രശ്‌നങ്ങളിലൂടെ അവര്‍ കടന്നു പോയിട്ടും, അത് വീടിനെ ബാധിക്കില്ലെന്ന് അവര്‍ ഉറപ്പുവരുത്തിയിരുന്നു

അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ അതൊരു ഷോക്കായിരുന്നുവെന്ന് മകള്‍ കല്യാണി പ്രിയദര്‍ശന്‍. അതേസമയം തങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. വൈകാരികമായ നിരവധി പ്രശ്‌നങ്ങളിലൂടെ അവര്‍ കടന്നു പോയിട്ടും, അത് വീടിനെ ബാധിക്കില്ലെന്ന് അവര്‍ ഉറപ്പുവരുത്തിയിരുന്നു. തീര്‍ച്ചയായും അവരുടെ വേര്‍പിരിയല്‍ ഞങ്ങള്‍ക്കൊരു ഷോക്കായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്. ഞങ്ങള്‍ സമാധാനത്തിലാണ്. മാതാപിതാക്കളുമായുള്ള എന്റെ ബന്ധം ഇപ്പോള്‍ കൂടുതല്‍ ശക്തവുമാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം’ എന്നാണ് കല്യാണി അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം അമ്മയുടെ പാത പിന്തുടര്‍ന്ന് അഭിനയരംഗത്ത് എത്തിയതിനെ കുറിച്ചും കല്യാണി വ്യക്തമാക്കി. ‘ഞാന്‍ ജനിച്ചത് വീണത് തന്നെ ഒരു സിനിമാ കുടുംബത്തിലായിരുന്നു. കുട്ടിക്കാലത്ത് അവധിക്കാലം മുഴുവന്‍ ചെലവിട്ടത് സിനിമാ ലൊക്കേഷനുകളിലായിരുന്നു. ഇതൊക്കെയാണ് അവസാനം അഭിനയത്തിലേക്ക് എത്താനുള്ള പ്രധാന കാരണവും. എന്നാല്‍ കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടയില്‍ ഒരു മാറ്റം സംഭവിക്കുന്നതായി ഞാന്‍ ശ്രദ്ധിച്ച് തുടങ്ങി. പ്രത്യേകിച്ചും നസ്രിയ നസീം സിനിമയിലേക്ക് എത്തിയതിന് ശേഷം. അപ്പോഴാണ് ആളുകള്‍ എന്നെ സ്വീകരിക്കുമെന്ന ഒരു ആത്മവിശ്വാസം തനിക്ക് ലഭിച്ചത്’ എന്നും കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.

അമലയുടെയും നാഗാര്‍ജുനയുടെയും മകന്‍ അഖില്‍ അക്കിനേനി നായകനായി എത്തിയ തെലുങ്ക് ചിത്രം ‘ഹലോ’ ആയിരുന്നു കല്യാണിയുടെ അരങ്ങേറ്റ ചിത്രം. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് കല്യാണിയുടെ ആദ്യ മലയാള ചിത്രം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ദുല്‍ഖറിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലും കല്യാണിയാണ് നായിക. തമിഴില്‍ ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ‘ഹീറോ’ എന്ന ചിത്രത്തിലും നായിക കല്യാണിയാണ്.

Exit mobile version