‘സ്വര്‍ണ്ണത്തിന്റെ മാറ്റുരച്ച് നോക്കാന്‍ പറ്റില്ല, അതിന്റെ വാല്യു കൂടുകയേ ഉള്ളൂ, മഞ്ജുവിന്റെ കാര്യവും അങ്ങനെ തന്നെയാണ്’; റോഷന്‍ ആന്‍ഡ്രൂസ്

തിലകന്‍ സാര്‍ വരെ വളരെ ആദരവോടെ കാണുന്ന മഞ്ജു എന്റെ സുഹൃത്ത് ആണെന്ന് പറയുന്നതിലും മഞ്ജുവിനൊപ്പം വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിലും എനിക്ക് അഭിമാനം ഉണ്ട്

‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജു വാര്യറും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘പ്രതി പൂവന്‍ കോഴി’. മഞ്ജു വാര്യര്‍ക്കൊപ്പം വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

‘സ്വര്‍ണ്ണത്തിന്റെ മാറ്റ് ഉരച്ച് നോക്കാന്‍ പറ്റില്ല, അതിന്റെ വാല്യു കൂടുകയേ ഉള്ളൂ, മഞ്ജുവിന്റെ കാര്യവും അങ്ങനെ തന്നെയാണ്. തിലകന്‍ സാര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്, ലോകത്ത് ഒരാളുടെ മുന്നില്‍ നിന്നപ്പോള്‍ മാത്രമാണ് ഞാനൊന്നു വിറച്ചുപോയിട്ടുള്ളത്, അത് മഞ്ജുവിന്റെ മുന്നിലാണെന്ന്. അങ്ങനെ തിലകന്‍ സാര്‍ വരെ വളരെ ആദരവോടെ കാണുന്ന മഞ്ജു എന്റെ സുഹൃത്ത് ആണെന്ന് പറയുന്നതിലും മഞ്ജുവിനൊപ്പം വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിലും എനിക്ക് അഭിമാനം ഉണ്ട്. മഞ്ജുവിന്റെ അഭിനയം വളരെ റിയലിസ്റ്റിക് ആണ്. അഭിനയമെന്നതിനേക്കാള്‍ റിയല്‍ ആയി പെരുമാറുകയാണ് മഞ്ജു ചെയ്യാറുള്ളത്’ എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് അഭിമുഖത്തില്‍ പറഞ്ഞത്.

ചിത്രത്തില്‍ ‘മാധുരി’ എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ‘ആന്റപ്പന്‍’ എന്ന വില്ലന്‍ വേഷത്തിലെത്തുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. അനുശ്രീ, അലന്‍സിയര്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രം ഈ മാസം ഇരുപതിന് തീയ്യേറ്ററുകളിലെത്തും.

Exit mobile version