കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും, പിന്നെയല്ലേ പ്രകാശന്‍! ‘ഞാന്‍ പ്രകാശ’ന്റെ പോസ്റ്റര്‍ പുറത്തുവിട്ട് സത്യന്‍ അന്തിക്കാട്

പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ അന്തിക്കാടിന് വേണ്ടി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രം ‘ഞാന്‍ പ്രകാശ’ന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് സത്യന്‍ അന്തിക്കാട്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഫഹദിനെ ഒരു നായ ഓടിക്കുന്നതായാണ് പോസ്റ്ററില്‍. ”കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശന്‍ !” എന്നാണ് സംവിധായകന്‍ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

‘ഒരു ഇന്ത്യന്‍ പ്രണയകഥ’യ്ക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഫഹദ് ഫാസില്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ അന്തിക്കാടിന് വേണ്ടി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ഗസറ്റില്‍ കൊടുത്ത പ്രകാശന്‍ എന്ന പേര് പി.ആര്‍. ആകാശന്‍ എന്നാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഒരു രസികനായ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

തികച്ചും ഗ്രാമീണനായാണ് ചിത്രത്തില്‍ ഫഹദിന്റെ ഗെറ്റ്അപ്പ്. നിഖില വിമലാണ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നത്. ഗോപാല്‍ജി എന്ന പേരില്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. ക്രിസ്തുമസിന് ചിത്രം പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

Exit mobile version