‘ഉടലാഴം’: ഉടല്‍, സ്വത്വം, സമൂഹം

മൂവി റിവ്യൂ / രഥീഷ്‌കുമാര്‍ കെ മാണിക്യമംഗലം

ഈ ചിത്രത്തിന്റെ സ്രഷ്ടാക്കളുടെ ഏറ്റവും ക്രിയാത്മകമായ സൃഷ്ടികളിലൊന്ന് ഇതിന്റെ പേര് തന്നെയാണ്, ‘ഉടലാഴം’. ഉടല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് ആഴമുള്ള ദൃശ്യങ്ങളിലൂടെയും അളന്നുതൂക്കിയ സംഭാഷണങ്ങളിലൂടെയും ഈ സിനിമ ഉറക്കെ ചോദിക്കുന്നത്. അട്ടകളുടെ ഉടലനക്കങ്ങളില്‍ നിന്നും ചിത്രം ആരംഭിക്കുമ്പോള്‍ തന്നെ അതൊരു ദൃശ്യപരമായ മുഖവുര വരച്ചിടുന്നുണ്ട്.

മലയാള സിനിമ കാലാകാലങ്ങളായി നമ്മുടെ മുന്നില്‍ അവതരിപ്പിച്ചുപോന്ന മുഴുത്ത ശരീരങ്ങളെ അരികിലേക്ക് നീക്കി നിര്‍ത്തിക്കൊണ്ട്, ഇതുവരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ശരീരങ്ങളിലേക്കും അതിന്റെ സംഘര്‍ഷങ്ങളിലേക്കും ക്യാമറ തുറന്നുവെക്കുക എന്ന ധീരമായ ചുവടുവെപ്പാണ് ഉണ്ണികൃഷ്ണന്‍ ആവള ചെയ്യുന്നത്. അതിന് മേക്കപ്പിട്ട് പരുവപ്പെടുത്തിയ ശരീരങ്ങളെതപ്പി അവര്‍ പോകുന്നുമില്ല. ഗുളികന്റെ മഷിയെഴുതാന്‍ കൊതിക്കുന്ന കണ്ണുകള്‍, ബസിന്റെ ജനല്‍ക്കമ്പിയില്‍ ചുറ്റിപ്പിടിച്ച വിരലുകള്‍, ഉയര്‍ന്നുനില്‍ക്കുന്ന മാറ്, മാതിയുടെ അനുസരണയില്ലാതെ പറന്നുനില്‍ക്കുന്ന മുടി, മുറുക്കാന്‍കറ പുരണ്ട പല്ലുകള്‍ എന്നിങ്ങനെ മലയാളസിനിമയുടെ മുഖ്യധാര തീണ്ടാപ്പാടകലെ നിര്‍ത്തിയ ശരീരദൃശ്യങ്ങള്‍ മനസ്സില്‍ കൊത്തിവെക്കാന്‍ ശേഷിയുള്ളതുപോലെ ഛായാഗ്രാഹകന്‍ ഉടനീളം പകര്‍ത്തിയെടുത്തിട്ടുണ്ട്. ഗുളികന്റെ താരുണ്യമുള്ള ശരീരവും, മാതിയുടെ കരുത്തുള്ള ശരീരവും തന്നെ അവരുടെ വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. മരച്ചില്ലയില്‍ മയങ്ങുന്ന മാതിയെയും, ബസിന്റെ മുന്‍ വാതിലിലേക്ക് ഓടിക്കയറുന്ന ഗുളികനെയുമൊക്കെ അവതരിപ്പിക്കുമ്പോള്‍ സംവിധായകന്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും എടുത്തുപറയേണ്ടതാണ്.

ചില പരിചിത മുഖങ്ങളായ അനുമോളും ജോയ് മാത്യുവും, ഇന്ദ്രന്‍സും, സജിത മഠത്തിലും നിലമ്പൂര്‍ ആയിഷയും ഉണ്ടെങ്കിലും മിക്കവാറും പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളെ സംബന്ധിച്ച മുന്‍വിധികളെ ഇല്ലാതാക്കാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ സാധിച്ചു. മണിയുടെയും രമ്യ വത്സലയുടെയും കാസ്റ്റിങ് തന്നെ സിനിമയെ പാതി വഴി കടത്തിയിട്ടുണ്ട്. ഗംഭീരമായ പ്രകടനങ്ങളിലൂടെ അവര്‍ അതിനോട് നീതിപുലര്‍ത്തുകയും ചെയ്തു.

ചൂഷിതരെങ്കിലും, ഇല്ലായ്മക്കാരാണെങ്കിലും തുറസ്സുള്ള കൂട്ടമാണ് ഗുളികന്റേയും മാതിയുടെയും. ഗുളികന്റെ ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം തുറന്നു സംസാരിക്കാനുള്ള വെളിച്ചം അവിടെയുണ്ട്, ഒരു സ്ത്രീ എന്ന നിലയില്‍ മാതി അതിന്റെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കിലും. അതിലേക്ക് നാടിന്റെ ഇരുട്ടുമൂടിയ സദാചാരവും, അതിന്റെ മറവിലെ ആസക്തികളും ഇറക്കിവെക്കുന്നിടത്താണ് കാര്യങ്ങള്‍ നാടകീയമായി കുഴഞ്ഞുമറിയുന്നത്. ആ കുഴമറിച്ചിലുകളില്‍ നിന്നും പിന്നീട് അവര്‍ക്ക് രക്ഷപ്പെടാനാവുന്നില്ല. ലൈംഗിക ന്യൂനപക്ഷവും സ്ത്രീകളും എവിടെവെച്ചും പുരുഷന് ചൂഷണം ചെയ്യാവുന്നവയാണെന്ന ആണ്‍ ബോധത്തിന്റെ ചെകിട്ടത്ത് ഒരു ഘട്ടത്തില്‍ മാതി ഒന്ന് പൊട്ടിക്കുന്നുണ്ടെങ്കിലും ഒടുവില്‍ എല്ലാവരും നിസ്സഹായരാവുന്നു. എല്ലാവര്‍ക്കും പലായനം ചെയ്യേണ്ടിവരുന്നു. നാടിന്റെ സദാചാരനാട്യങ്ങള്‍ അവരെ ആട്ടിപ്പായിക്കുന്നു എന്നുപറയുന്നതാവും ശരി. സിനിമ അവസാനിച്ച് സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കുമ്പോള്‍ സദാചാരനാട്യങ്ങളുടെയും കണ്ണില്ലാത്ത ക്രൂരതയുടെയും കെണിയില്‍ വീണുപോയ നമ്മളെത്തന്നെയാണ് നമുക്ക് കാണാനാവുക.

ട്രാന്‍സ്ജെന്‍ഡര്‍/ആദിവാസി/നര്‍ത്തകി/വേശ്യ എന്നിങ്ങനെ പല അടരുകളിലായി ഉടലിന്റെ സംഘര്‍ഷങ്ങള്‍ സിനിമയില്‍ കടന്നുവരുന്നു. കാട്/നാട്, ആണ്/പെണ്ണ്/ട്രാന്‍സ്ജെന്‍ഡര്‍, മനസ്സ്/ശരീരം, എന്നിങ്ങനെ വിവിധ തലങ്ങളില്‍ ഈ സിനിമ സമൂഹത്തോട് സംവദിക്കുന്നുണ്ട്. ഉടലുകളെ സംബന്ധിച്ച സാമൂഹ്യധാരണകളിലെ ആണ്‍/സവര്‍ണ്ണ മേല്‍ക്കോയ്മകളെയാണ് സിനിമ സംശയമേതുമില്ലാതെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. സ്ത്രീകളുടെ വസ്ത്രധാരണമാണ് അവര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണമെന്ന പൊതുബോധം വെച്ചുപുലര്‍ത്തുന്ന, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെക്കുറിച്ചുള്ള സാക്ഷരതയില്‍ ശൈശവദശയിലുള്ള ഒരു പാട്രിയര്‍ക്കിയല്‍ സമൂഹത്തോടാണ് ഇത്തരം ഒരു വിഷയം പറയാന്‍ ധൈര്യപ്പെടുന്നത് എന്നിടത്തുതന്നെ സിനിമ മൂല്യവത്താകുന്നുണ്ട്.

സാങ്കേതികമായി മുന്നിട്ടുനില്‍ക്കുന്ന സിനിമ നല്ല തീയേറ്റര്‍ അനുഭവം കൂടിയാണ്. പ്രത്യേകിച്ചും ഛായാഗ്രഹണവും (എ മൊഹമ്മദ്) പശ്ചാത്തല സംഗീതവും (ബിജിബാല്‍). സിതാര, മിഥുന്‍ ജയരാജ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനങ്ങളും സിനിമയ്ക്ക് ഭാവതീവ്രത നല്‍കുന്നുണ്ട്. നിര്‍മ്മാണം നിര്‍വ്വഹിച്ച ‘ഡോക്ടര്‍സ് ഡിലെമ’യുടെ പിന്നിലെ മൂന്ന് ഡോക്ടര്‍മാരും ( ഡോ എം സജീഷ്, ഡോ മനോജ് കെ ടി, ഡോ രാജേഷ് കുമാര്‍ എം പി) തീയേറ്ററില്‍ എത്തിച്ച ആഷിഖ് അബുവും പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. കാരണം ഈ പ്രമേയത്തിനും ഈ ശരീരങ്ങള്‍ക്കും ഇനി എപ്പോഴാണ് സിനിമയില്‍ ഇടം കിട്ടുക എന്ന് പറയാനാവില്ല. സവര്‍ണ്ണതയ്ക്കും, സ്ത്രീവിരുദ്ധതയ്ക്കും, വൈവിധ്യനിരാസത്തിനും കൂടുതല്‍ ഇടം ലഭിക്കുന്ന, അത്ര സുഖകരമല്ലാത്ത സാമൂഹ്യ അന്തരീക്ഷത്തില്‍ പ്രത്യേകിച്ചും.

Exit mobile version