ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് തിരിതെളിയും; ‘പാസ്ഡ് ബൈ സെന്‍സര്‍’ ഉദ്ഘാടന ചിത്രം

വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും. വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. വെകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നടി ശാരദയാണ് വിശിഷ്ടാതിഥി. തുര്‍ക്കിയില്‍ നിന്നുളള ‘പാസ്ഡ് ബൈ സെന്‍സര്‍’ ആണ് മേളയുടെ ഉദ്ഘാടന ചിത്രം.

ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ട് വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. 73 രാജ്യങ്ങളില്‍ നിന്നായി 186 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. പതിനാല് സ്‌ക്രീനുകളിലായി പതിനഞ്ച് വിഭാഗങ്ങളിലാണ് പ്രദര്‍ശനം. 3500 3500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തീയ്യേറ്ററായ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശനവേദി. മേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടും ആര്‍കെ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍.

ഇത്തവണ 10,500 ഡെലിഗേറ്റുകളാണ് മേളയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോര്‍ തീയ്യേറ്ററില്‍ ചലച്ചിത്ര അക്കാദമി ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതിക സഹായത്തിനും പ്രത്യേക കൗണ്ടറും ഒരുക്കിയിട്ടുണ്ട്. പാസുകള്‍ക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കുന്നതിനായി പത്ത് കൗണ്ടറുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷി വിഭാഗത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version