‘ശ്രീകുമാര്‍ ഹര്‍ജി നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കാതെ നടപടികള്‍ സ്വീകരിക്കരുത്’; സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്ത് എംടി വാസുദേവന്‍ നായര്‍

ശ്രീകുമാര്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് എംടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്

രണ്ടാമൂഴം സിനിമ സംബന്ധിച്ച വിഷയത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തന്റെ വാദം കേള്‍ക്കാതെ നടപടികള്‍ സ്വീകരിക്കരുതെന്ന് എംടി വാസുദേവന്‍ നായര്‍. ഈ കാര്യം ഉന്നയിച്ച് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് എംടി വാസുദേവന്‍ നായര്‍.

സംവിധായകന്‍ ശ്രീകുമാറിനെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എംടി വാസുദേവന്‍ നായര്‍ ആദ്യം ഹര്‍ജി നല്‍കിയത്. ഇതേ തുടര്‍ന്ന് മധ്യസ്ഥത വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതിയും തള്ളി.

ഈ സാഹചര്യത്തില്‍ ശ്രീകുമാര്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് എംടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

Exit mobile version