‘മലയാളത്തില്‍ പരിചയത്തിന്റെയും സൗഹൃദത്തിന്റെയും പേരില്‍ ഒരുപാട് മോശം സിനിമകള്‍ ചെയ്യേണ്ടി വന്നു, അതാണ് മറ്റ് ഭാഷകളിലേക്ക് ശ്രദ്ധ തിരിച്ചത്’; ലാല്‍

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിന്‍ സെല്‍വനി'ല്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ലാല്‍

മലയാളത്തില്‍ തനിക്ക് പരിചയത്തിന്റെയും സൗഹൃദത്തിന്റെയും പേരില്‍ ഒരുപാട് മോശം സിനിമകള്‍ ചെയ്യേണ്ടി വന്നുവെന്ന് നടന്‍ ലാല്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തിലെ ഇടവേളയ്ക്ക് കാരണം ഇത്തരം മോശം സിനിമകള്‍ ചെയ്യേണ്ടി വന്നത് കൊണ്ടാണെന്നും ലാല്‍ വ്യക്തമാക്കി.

‘അഭിനയ സാധ്യതയുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഞാന്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. പെങ്ങളില, സൈലന്‍സര്‍ തുടങ്ങിയവ. എന്നാല്‍ അതിനപ്പുറത്ത് പരിചയത്തിന്റെയും സൗഹൃദത്തിന്റെയും പേരില്‍ ഒരുപാട് മോശം സിനിമകളും ചെയ്യേണ്ടി വന്നു. അഭിനയിക്കുമ്പോള്‍ തന്നെ മനസിലാകും ഇതൊന്നും തീയ്യേറ്ററുകളില്‍ ഓടാന്‍ പോകുന്നില്ലെന്ന്. അത്തരം ചിത്രങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ചെറിയൊരു മടുപ്പ് മനസിനെ ബാധിച്ചു. അതാണ് മറ്റ് ഭാഷകളിലേക്ക് ശ്രദ്ധ തിരിച്ചത്’ എന്നാണ് അഭിമുഖത്തില്‍ ലാല്‍ പറഞ്ഞത്.

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനി’ല്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ലാല്‍. ചിത്രത്തില്‍ പ്രായമുള്ള ഒരു യോദ്ധാവിന്റെ വേഷത്തിലാണ് ലാല്‍ എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയെ ആരാധമാക്കി ഒരുക്കുന്ന ചിത്രമാണിത്. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന രാജരാജ ചോളന്‍ ഒന്നാമനെ കുറിച്ചുള്ള നോവലാണിത്.

Exit mobile version