‘വിലക്ക് ഏര്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ സാധിക്കില്ല, സിനിമ മുഴുവന്‍ ലഹരിയാണെന്ന് നിര്‍മ്മാതാക്കള്‍ അടച്ചാക്ഷേപിക്കുന്നതും ശരിയല്ല’; ആഷിക് അബു

കരാര്‍ ലംഘനം ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഇവിടെ കോടതിയുണ്ട്, നിയമങ്ങളുണ്ട്

ഷെയ്ന്‍ നിഗത്തിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയതിനെതിരെ പ്രതികരിച്ച് സംവിധായകന്‍ ആഷിക് അബു രംഗത്ത്. വിലക്ക് എന്നത് ഒരു കാലത്തും ആര്‍ക്കും അംഗീകരിക്കാനാകാത്ത ഒന്നാണെന്ന് പറഞ്ഞ ആഷിക് അബു മുടങ്ങിപ്പോയ സിനിമകള്‍ രണ്ടും ഷെയ്ന്‍ ആദ്യം ചെയ്തു തീര്‍ക്കണമെന്നും വ്യക്തമാക്കി.

അതേസമയം സിനിമാ മേഖല മുഴുവന്‍ ലഹരിയാണെന്ന് നിര്‍മ്മാതാക്കള്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ആഷിക് അബു പറഞ്ഞു. നിര്‍മ്മാതാക്കള്‍ ഇടയ്ക്കിടെ കാരവന്‍ പരിശോധിക്കുന്നത് കൊണ്ടായിരിക്കും അവര്‍ക്ക് ലഹരി ഉപയോഗമുണ്ടെന്ന് മനസിലായതെന്നും തനിക്ക് അത്തരം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആഷിക് അബു വ്യക്തമാക്കിയത്. ആക്ഷേപം ഉന്നയിച്ച നിര്‍മ്മാതാക്കള്‍ പോലീസ് അന്വേഷണമാണ് ആവശ്യപ്പെടേണ്ടതെന്നും അല്ലാതെ സിനിമാ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിക്കുകയല്ല വേണ്ടതെന്നും ആഷിക് അബു പറഞ്ഞു.

അതേസമയം നടന്‍ കരാര്‍ ലംഘിച്ചാല്‍ ഉടന്‍ വിലക്കേര്‍പ്പെടുത്തുകയല്ല വേണ്ടത് എന്നാണ് ആഷിക് അബു പ്രതികരിച്ചത്. കരാര്‍ ലംഘനം ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഇവിടെ കോടതിയുണ്ട്, നിയമങ്ങളുണ്ട്. കരാര്‍ ലംഘനം സിനിമയില്‍ മാത്രം നടക്കുന്ന ഒരു സംഭവമല്ല. മറ്റ് പല മേഖലകളിലും ഇത്തരത്തില്‍ നടക്കാറുണ്ടെന്നും ആഷിക് അബു അഭിമുഖത്തില്‍ വ്യക്തമാക്കി.

Exit mobile version