‘ഷെയ്‌നിന്റെ ഈ സ്വഭാവത്തോട് എനിക്ക് ഒട്ടും യോജിക്കാനാവില്ല, തിരിച്ചുവന്ന് മാപ്പു പറഞ്ഞ് സിനിമകള്‍ പൂര്‍ത്തിയാക്കി കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്’; വിനയന്‍

താന്‍ അന്നും ഇന്നും താരങ്ങളുടെ സ്വഭാവദൂഷ്യത്തിന് എതിരേ നില്‍ക്കുന്ന ആളാണെന്നും വിനയന്‍ വ്യക്തമാക്കി

‘വെയില്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഷെയ്‌നിനെ മലയാള സിനിമയില്‍ നിന്ന് വിലക്കിയിരുന്നു. ഈ തീരുമാനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ഷെയ്‌നിന്റെ ഈ സ്വഭാവത്തോട് തനിക്ക് ഒട്ടും യോജിക്കാനാവില്ലെന്ന് പറഞ്ഞ വിനയന്‍ താരം തിരിച്ചുവന്ന് മാപ്പു പറഞ്ഞ് സിനിമകള്‍ പൂര്‍ത്തിയാക്കി കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ ഇത്തരത്തില്‍ പറഞ്ഞത്.

അതേസമയം തനിക്ക് നേരിടേണ്ടി വന്ന വിലക്കുമായി ഇതിനെ ഉപമിക്കാനാവില്ലെന്നും ഷെയ്‌നിന്റെ തെറ്റായ നടപടികള്‍ക്ക് എതിരെയാണ് ഈ വിലക്കെന്നും വിനയന്‍ വ്യക്തമാക്കി. താരങ്ങളുടെ മോശമായ പെരുമാറ്റത്തിനെതിരേ പ്രതികരിച്ചത് കൊണ്ടാണ് എനിക്ക് എതിരെ അന്ന് ചിലര്‍ പാര വെച്ചത്. അന്ന് അവര്‍ക്ക് എനിക്കെതിരേ ആളുകളെ സംഘടിപ്പിക്കാനും എന്നെ പുറത്താക്കാനും സാധിച്ചു. ഷെയ്ന്‍ പക്ഷേ അത്രയ്ക്ക് വലുതായിട്ടില്ലെന്നും വിനയന്‍ പറഞ്ഞു.

താന്‍ അന്നും ഇന്നും താരങ്ങളുടെ സ്വഭാവദൂഷ്യത്തിന് എതിരേ നില്‍ക്കുന്ന ആളാണെന്നും വിനയന്‍ വ്യക്തമാക്കി. ഒരു ചിത്രം ഹിറ്റായി കഴിഞ്ഞാല്‍ താന്‍ ആണ് സിനിമയുടെ എല്ലാം എന്ന് കരുതുന്നത് ശരിയായ കാര്യമല്ല. അതുകൊണ്ട് തന്നെ ഷെയ്നിനോട് എനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല. അതേസമയം ഷെയ്‌നിന്റെ അച്ഛന്‍ അബി എന്റെ നല്ലൊരു സുഹൃത്തായിരുന്നു. അതിന്റെ ഒരു സ്‌നേഹം എനിക്ക് ഈ പയ്യനോടുണ്ടെന്നും വിനയന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Exit mobile version