‘നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണ്, ഇത് ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്’; ബാബുരാജ്

ഷെയ്നിന്റെ വീഡിയോകള്‍ കണ്ടാല്‍ പലര്‍ക്കും പലതും മനസിലാകുമെന്നും ഈ വിഷയത്തില്‍ ഇടപെടാന്‍ താരസംഘടനയായ എഎംഎംഎയ്ക്ക് പരിമിതിയുണ്ടെന്നും ബാബുരാജ് പറഞ്ഞു

മലയാള സിനിമയില്‍ ന്യൂജനറേഷന്‍ ലഹരിയ്ക്ക് അടിമകളാണെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആരോപണം ശരിവെച്ച് എഎംഎംഎ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. നടിമാരില്‍ പലരും ഇന്ന് ലഹരി ഉപയോഗിക്കുന്നവരാണ്. ഇത്തരത്തില്‍ ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട് എന്നാണ് ബാബുരാജ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.

ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇതുകൊണ്ടാണ്. അതേസമയം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ മാത്രമാണ് ഷെയ്ന്‍ നിഗം സംഘടനയില്‍ അംഗമായതെന്നും ബാബുരാജ് പറഞ്ഞു. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും സംഘടനയില്‍ അംഗങ്ങളല്ലെന്നും താരം പറഞ്ഞു. ഷെയ്നിന്റെ വീഡിയോകള്‍ കണ്ടാല്‍ പലര്‍ക്കും പലതും മനസിലാകുമെന്നും ഈ വിഷയത്തില്‍ ഇടപെടാന്‍ താരസംഘടനയായ എഎംഎംഎയ്ക്ക് പരിമിതിയുണ്ടെന്നും ബാബുരാജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പുതുതലമുറ താരങ്ങള്‍ ഷൂട്ടിങ് സെറ്റിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത് എത്തിയത്. നടന്‍ ഷെയ്ന്‍ നിഗത്തിനെ വിലക്കിയ യോഗത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ചില താരങ്ങള്‍ കാരവാനില്‍ നിന്ന് ഇറങ്ങാറില്ലെന്നും അച്ചടക്കമില്ലായ്മ ചെറുപ്പക്കാരായ താരങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപകമായിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നു.

Exit mobile version