‘നവാഗത സംവിധായകരുടെ സിനിമയെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ നൂറ് ശതമാനം കൂടെ നില്‍ക്കുന്ന വ്യക്തിയാണ് ഷെയ്ന്‍ നിഗം’; ‘ഖുര്‍ബാനി’ സംവിധായകന്‍

വിവാദങ്ങള്‍ക്ക് ചര്‍ച്ച ആവാന്‍ ഖുര്‍ബാനി സിനിമയെ തെരഞ്ഞെടുക്കരുതെന്നും സംവിധായകന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു

കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് ഷെയ്ന്‍ നിഗം തന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘വെയില്‍’ എന്ന സിനിമയുമായി ഷെയ്ന്‍ സഹകരിക്കുന്നില്ല എന്ന വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് താടി വടിച്ച് മുടി പറ്റെ വെട്ടിയുള്ള തന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. വെയിലിന് പുറമെ ഷെയ്ന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് ‘ഖുര്‍ബാനി’. ഇപ്പോഴിതാ ഷെയ്‌നിന്റെ പുതിയ ഗെറ്റപ്പ് ഖുര്‍ബാനി എന്ന ചിത്രം പൂര്‍ത്തിയാക്കുന്നതിന് പ്രശ്നമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജിയോ വി.

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട് ഖുര്‍ബാനി സിനിമയെ കുറിച്ച് പരാമര്‍ശിച്ച വാര്‍ത്ത തികച്ചും തെറ്റായ വിവരങ്ങളാണെന്നും നവാഗത സംവിധായകരുടെ സിനിമ എന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ നൂറ് ശതമാനം കൂടെ നില്‍ക്കുന്ന വ്യക്തിയാണ് ഷെയ്ന്‍ നിഗമെന്നുമാണ് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിവാദങ്ങള്‍ക്ക് ചര്‍ച്ച ആവാന്‍ ഖുര്‍ബാനി സിനിമയെ തെരഞ്ഞെടുക്കരുതെന്നും സംവിധായകന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ജിയോ വിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഞാന്‍ ജിയോ വി. ഷൂട്ടിങ് നടക്കുന്ന ‘ഖുര്‍ബാനി’ എന്ന സിനിമയുടെ സംവിധായകന്‍.ഇന്ന് 26-11- 2019ല്‍ വന്ന പത്രവാര്‍ത്തയില്‍ ഷെയ്ന്‍ നിഗവുമായി ബന്ധപെട്ട് ഖുര്‍ബാനി സിനിമയെ കുറിച്ച് പരാമര്‍ശിച്ച വാര്‍ത്ത തികച്ചും തെറ്റായ വിവരങ്ങളാണ്. ശരിയായ വസ്തുതകള്‍ ബന്ധപെട്ടവരോട് ചോദിച്ചറിയാതെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഖുര്‍ബാനി എന്ന സിനിമയുടെ ചര്‍ച്ച മുതല്‍ ചിത്രീകരണം നടന്നതു വരെ, ഷെയിന്‍ നിഗത്തിന്റെ പൂര്‍ണ സഹകരണം ലഭിച്ചിട്ടുണ്ട്. ഉദേശിച്ചതിലും രണ്ട് ദിവസം മുന്‍പ് കൊച്ചിയിലേക്ക് ഷിഫ്റ്റായത് കൊണ്ട് മറ്റു ആര്‍ട്ടിസ്റ്റ്കളുടെ ഡെയ്റ്റ്‌സ് ഒത്ത് ചേരാതെ വന്നപ്പോള്‍ പ്രെഡ്യൂസറിന്റെ അനുവാദതോടെയാണ് ഷെഡ്യൂളായത്.

തുടര്‍ന്നുള്ള ചിത്രീകരണത്തിന് ഇപ്പോഴുള്ള ഷെയ്ന്‍ നിഗത്തിന്റെ ഗെറ്റപ്പ് ഒരു തടസമല്ലന്ന് ഒരിക്കല്‍ കൂടി അറിയിക്കുന്നു. നവാഗത സംവിധാകരുടെ സിനിമ എന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ നൂറ് ശതമാനം കൂടെ നില്‍ക്കുന്ന വ്യക്തിയാണ് ഷെയ്ന്‍ നിഗമെന്ന താരം. കൂടാതെ ഖുര്‍ബാനി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മഹാസുബൈറിന്റെ സഹകരണവും പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് 85 ശതമാനം ചിത്രീകരണം പൂര്‍ത്തിയാകാന്‍ സാധിച്ചത്. വിവാദങ്ങള്‍ക്ക് ചര്‍ച്ചയാവാന്‍ ഖുര്‍ബാനി സിനിമയെ തെരഞ്ഞെടുകരുതെന്ന് അപേക്ഷിക്കുന്നു.

Exit mobile version