‘സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ നിങ്ങളാരുവാ, സെര്‍ജി ബുബ്കയോ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

ഇപ്പോഴിതാ സുരാജിന്റെ ഈ വ്യത്യസ്ത കഥാപാത്രങ്ങളെ കുറിച്ചുള്ള കുറിപ്പ് എഴുതി കൈയടി നേടിയിരിക്കുകയാണ് നെല്‍സണ്‍ ജോസഫ് എന്ന വ്യക്തി

മിമിക്രിയിലൂടെ സിനിമയില്‍ എത്തി മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം കരസ്ഥമാക്കിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന സുരാജ് ഇപ്പോള്‍ മികച്ച ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് ആരാധകരെ ഞെട്ടിച്ചുക്കൊണ്ടിരിക്കുകയാണ്. ഇത്തവണ ഒരു പിടി മികച്ച കഥാപാത്രങ്ങളുമായാണ് സുരാജ് എത്തിയത്.

‘ഫൈനല്‍സ്’, ‘വികൃതി’, ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷകരുടെ കൈയടി നേടിയിരിക്കുകയാണ് താരം. ഇപ്പോഴിതാ സുരാജിന്റെ ഈ വ്യത്യസ്ത കഥാപാത്രങ്ങളെ കുറിച്ചുള്ള കുറിപ്പ് എഴുതി കൈയടി നേടിയിരിക്കുകയാണ് നെല്‍സണ്‍ ജോസഫ് എന്ന വ്യക്തി. സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുവാന്‍ നിങ്ങള്‍ സെര്‍ജി ബുബ്കയോ ഇസിന്‍ബയേവയോ അതോ ഉസൈന്‍ ബോള്‍ട്ടോ മറ്റോ ആണോ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

മിസ്റ്റര്‍ Suraj Venjaramooduj ,താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്.ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്. നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ?

ആദ്യം ഫൈനല്‍സ് സിനിമയ്ക്ക് കയറി നിങ്ങടെ പ്രകടനം കണ്ട് വണ്ടറടിച്ച് സുഹൃത്തുക്കളോട് പറഞ്ഞു ഇതാണു സുരാജിന്റെ കരിയര്‍ ബെസ്റ്റെന്ന്.അതുകഴിഞ്ഞ് എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. .സൗബിനും നിങ്ങളും കൂടി അങ്ങ് അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത് കണ്ടപ്പൊ പറഞ്ഞത് വീണ്ടും തിരുത്തിപ്പറഞ്ഞു. മറ്റതല്ല, ഇതാണു ബെസ്റ്റ്

ദേ ഇപ്പൊ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. കട്ടയ്ക്ക് കട്ടയ്ക്ക് സൗബിന്‍ അവിടേം.സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത് വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച് വയസുള്ളത് ആള്‍ക്കാരറിയാതിരിക്കാന്‍? സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ നിങ്ങളാരുവാ, സെര്‍ജി ബുബ്കയോ? ഇസിന്‍ബയേവയോ? അതോ ഉസൈന്‍ ബോള്‍ട്ടോ?ഇനി ഇതാണു കരിയര്‍ ബെസ്റ്റെന്ന് പറയൂല്ല.പിന്നേം മണ്ടനാക്കാനല്ലേ,മാണ്ട ആ ഐഡിയ മനസിലിരിക്കട്ടെ. നമിച്ചാശാനേ

Exit mobile version