ഭദ്രന്റെ ‘ജൂതനി’ല്‍ നിന്ന് റിമ കല്ലിങ്കലിനെ ഒഴിവാക്കി; പകരം എത്തുന്നത് മംമ്ത മോഹന്‍ദാസ്

'ജൂതന്‍' ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജൂതന്‍’. ചിത്രത്തില്‍ നായകനായി എത്തുന്നത് സൗബിനാണ്. ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത് റിമ കല്ലിങ്കലിനെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ റിമയെ മാറ്റി പകരം നായികയായി എത്തുന്നത് മംമ്ത മോഹന്‍ദാസ് ആണെന്നാണ് റിപ്പോര്‍ട്ട്.

‘ജൂതന്‍’ ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. സ്ഫടികത്തിലെ ആടുതോമയെ പോലെ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യന്റെ കഥയാണ് ജൂതനെന്നാണ് ഭദ്രന്‍ ചിത്രത്തെ കുറിച്ച് നേരത്തേ പറഞ്ഞത്. ഡെക്കാന്‍ ക്രോണിക്കിളില്‍ കണ്ട ഒരു ലേഖനമാണ് തന്നെ ഈ സിനിമയിലേക്ക് നയിച്ചത് എന്നാണ് ഭദ്രന്‍ ഒരിക്കല്‍ ഇതേകുറിച്ച് പറഞ്ഞത്.

ചിത്രത്തില്‍ സൗബിനെ കൂടാതെ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ശിക്കാര്‍’, ‘കനല്‍’ എന്നീ ചിത്രങ്ങളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version