‘ഗാനഗന്ധര്‍വന്റെ’ അമ്പതാം ദിനം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍; ചിത്രങ്ങള്‍ പങ്കുവെച്ച് രമേശ് പിഷാരടി

ചേര്‍ത്തല പാരഡൈസ് തീയേറ്ററില്‍ വെച്ചാണ് ചിത്രത്തിന്റെ അമ്പതാം ദിനം അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചത്

‘പഞ്ചവര്‍ണ്ണതത്ത’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗാനഗന്ധര്‍വന്‍’. ചിത്രത്തിന്റെ വിജയകരമായ അമ്പതാം ദിനം കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചു. ചേര്‍ത്തല പാരഡൈസ് തീയ്യേറ്ററില്‍ വെച്ചാണ് ചിത്രത്തിന്റെ അമ്പതാം ദിനം അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചത്.

ആഘോഷത്തിന്റെ ചിത്രങ്ങള്‍ രമേശ് പിഷാരടി ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. രമേശ് പിഷാരടിക്കൊപ്പം മനോജ് കെ ജയന്‍, ദേവന്‍, മോഹന്‍ജോസ് തുടങ്ങിയവരാണ് ആഘോഷ പരിപാടിയില്‍ പങ്കെടുത്തത്. ചിത്രത്തില്‍ ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന ‘കലാസദന്‍ ഉല്ലാസ്’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മനോജ് കെ ജയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദേവന്‍, മോഹന്‍ ജോസ്, ആര്യ, വന്ദിത മനോഹരന്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍, സുരേഷ് കൃഷ്ണ, മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സാജന്‍ പള്ളുരുത്തി, കൊച്ചു പ്രേമന്‍, അബു സലിം എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ആന്റോ ജോസഫ്, ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സെപ്റ്റംബര്‍ 27നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തിയത്.

Exit mobile version