‘എല്ലാം ശരിയാകും’; ജിബു ജേക്കബ് ചിത്രത്തിലൂടെ രജിഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു

വെള്ളിമൂങ്ങ', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'ആദ്യരാത്രി' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിബു ജേക്കബിന്റെ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം രജിഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. ‘വെള്ളിമൂങ്ങ’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘ആദ്യരാത്രി’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിബു ജേക്കബിന്റെ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ജിബു ജേക്കബിന്റെ നാലാമത്തെ ചിത്രം കൂടിയാണിത്.

‘എല്ലാം ശരിയാകും’ എന്നാണ് ചിത്രത്തിന്റെ പേര്. ബിജുമേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രത്തിന്റെ പേര് അനൗണ്‍സ് ചെയ്തത്. ‘സഹപ്രവര്‍ത്തകര്‍ എന്നതില്‍ ഉപരി സഹോദരതുല്യമായ ബന്ധമുള്ള ജിബുവും ആസി എന്ന് ഞങ്ങളൊക്കെ സ്‌നേഹത്തോടെ വിളിക്കുന്ന നിങ്ങളുടെ ആസിഫ് അലിയും പിന്നെ രജിഷയും ഒന്നിക്കുമ്പോള്‍ ‘എല്ലാം ശരിയാകാതെ’ എവിടെ പോകാന്‍’ എന്നാണ് പേര് അനൗണ്‍സ് ചെയ്ത് ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഷാരിസ്, ഷാല്‍ബിന്‍, നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഓട്ടം, കളിമണ്ണ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

Exit mobile version