നാട്ടിന്‍പുറത്തെ കുടുംബകാഴ്ചകളുമായി ‘കെട്ട്യോളാണ് എന്റെ മാലാഖ’; പുതിയ ഗാനം പുറത്തുവിട്ടു

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘പതിവോ മാറും’എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയില്‍ ഗ്രാമീണ ഭംഗിയും നാട്ടിന്‍പുറത്തെ കുടുംബകാഴ്ചകളും ചിത്രത്തിലെ ചിത്രീകരണ രംഗങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നിരഞ്ജ് സുരേഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നിസാം ബഷീറാണ് ചിത്രത്തിന്റെ സംവിധായകന്‍. പുതുമുഖ താരം വീണ നായരാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ആസിഫ് അലിയുടെ മകന്‍ ആദം അലിയും അഭിനയിക്കുന്നുണ്ട്. ജാഫര്‍ ഇടുക്കി, ബേസില്‍ ജോസഫ്, രവീന്ദ്രന്‍, റോണി, ലാല്‍ ജൂനിയര്‍, കേതകി നാരായണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version