‘പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളാണ് ഗീതു ഇതില്‍ പറയുന്നത്’; മൂത്തോനെ പ്രശംസിച്ച് മഞ്ജുവാര്യര്‍

ഈ സിനിമ നിങ്ങള്‍ക്ക് ഉള്ളില്‍ തട്ടുന്ന ഒരു അനുഭവം തന്നെയായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ ചിത്രമാണ് ‘മൂത്തോന്‍’. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിന്‍ ചിത്രത്തില്‍ എത്തിയത്. പലരും ഇതിനോടകം ചിത്രത്തെയും നിവിനെയും പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായിക ഗീതു മോഹന്‍ദാസിനെയും ചിത്രത്തെയും പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മഞ്ജു വാര്യര്‍ ചിത്രത്തെ പ്രശംസിച്ചത്.

പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളാണ് ഗീതു തന്റെ ചിത്രത്തിലൂടെ പറയുന്നതെന്നും മലയാളസിനിമ ഇന്നേവരെ കടന്നുചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ ‘മൂത്തോന്‍’ കാണിച്ചുതരുന്നു എന്നുമാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. ഈ സിനിമ നിങ്ങള്‍ക്ക് ഉള്ളില്‍ തട്ടുന്ന ഒരു അനുഭവം തന്നെയായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ പ്രേക്ഷകരുടെ പ്രശംസ നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളാണ് ഗീതു ഇതില്‍ പറയുന്നത്. മലയാളസിനിമ ഇന്നേവരെ കടന്നുചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ ‘മൂത്തോന്‍’ കാണിച്ചുതരുന്നു. മനുഷ്യന്‍ എന്ന പദത്തെ ഏറ്റവും ഭംഗിയോടെ അത് അഭിസംബോധന ചെയ്യുന്നു. ഒപ്പം കടലുപോലെ തിരയടിക്കുന്നതും ചോരപോലെ ചുവക്കുന്നതുമായ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ഈ സിനിമ നിങ്ങള്‍ക്ക് ഉള്ളില്‍ തട്ടുന്ന അനുഭവം തന്നെയാകും. ഗീതുവിനും നിവിനും രാജീവ് രവിക്കും അനുരാഗ് കശ്യപിനും മൂത്തോന്റെ ഭാഗമായ മറ്റെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..

Exit mobile version