‘ദൃശ്യത്തിനും ശബ്ദത്തിനും വലിയ പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ചിത്രം ശരിക്കുമൊരു തീയ്യേറ്റര്‍ അനുഭവമായിരിക്കും’; ’41’നെ കുറിച്ച് ലാല്‍ജോസ്

ലാല്‍ജോസ് ബിജുമേനോനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ’41’. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. റിലീസ് ചെയ്ത എല്ലാ തീയ്യേറ്ററുകളിലും നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ലാല്‍ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണിത്. തന്റെ കരിയറില്‍ ഇതുവരെ കൈവെച്ചിട്ടില്ലാത്ത തരം സിനിമയാണ് ഇതെന്നാണ് ലാല്‍ജോസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് പറഞ്ഞത്.

ദൃശ്യത്തിനും ശബ്ദത്തിനും വളരെ പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു തീയ്യേറ്റര്‍ അനുഭവം ആയിരിക്കും സമ്മാനിക്കുക എന്നും ലാല്‍ജോസ് പറഞ്ഞു. ‘എന്റെ സിനിമാ കരിയറില്‍ ഇതുവരെ കൈവെച്ചിട്ടില്ലാത്ത തരം സിനിമയാണ് നാല്‍പ്പത്തിയൊന്ന്. ശബരിമല യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കെഎസ്ആര്‍ടിസി ബസില്‍ കണ്ണൂരില്‍നിന്ന് ശബരിമലയിലേക്കുള്ള യാത്ര. രണ്ടുപേരുടെ മനസിലൂടെയുള്ള യാത്ര. അതില്‍ കമ്യൂണിസവും വിശ്വാസവും ആചാരവുമൊക്കെയുണ്ട്.

ദൃശ്യങ്ങള്‍ക്കും ശബ്ദത്തിനും വലിയ പ്രാധാന്യം കൊടുത്തിട്ടുള്ള നാല്‍പ്പത്തിയൊന്ന് ശരിക്കുമൊരു തീയ്യേറ്റര്‍ അനുഭവമായിരിക്കും. തലശ്ശേരിയും തലക്കാവേരിയും പുന്നപ്രവയലാറും അമ്പലപ്പുഴയും എരുമേലിയും പമ്പയും ശബരിമലയുമെല്ലാം ഷൂട്ട് ചെയ്തു. മഹാപ്രളയത്തിന് മുമ്പ് തുടങ്ങിയ ഈ ചിത്രത്തിന് പിന്നില്‍ നൂറുകണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്’ എന്നാണ് അഭിമുഖത്തില്‍ ലാല്‍ജോസ് പറഞ്ഞത്. ബിജുമേനോന്‍ നായകനായി എത്തിയ ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായി എത്തിയത്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ശരണ്‍ജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

Exit mobile version