‘ആകാശഗംഗ’യുടെ കഥ പറഞ്ഞു തന്നത് അമ്മയാണ്; വിനയന്‍

ഞങ്ങളുടെ കുടുംബത്തിലെ ഒരാളെ ഒരു ദാസിപ്പെണ്ണ് പ്രണയിച്ചുവെന്നും അവസാനം അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അമ്മ പറഞ്ഞിട്ടുണ്ട്

വിനയന്‍ സംവിധാനം ചെയ്ത് തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ആകാശഗംഗ 2’. 1999ല്‍ തീയ്യേറ്ററുകളില്‍ എത്തിയ ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ആദ്യ ഭാഗത്തിന്റെ മൂലകഥ തന്റെ കുടുംബത്തില്‍ സംഭവിച്ചിട്ടുള്ള കാര്യമാണെന്നാണ് വിനയന്‍ പറഞ്ഞിരിക്കുന്നത്. തന്റെ അമ്മ പറഞ്ഞ കഥായാണിതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

‘കോയിപ്പുറത്ത് കാവ്. അവിടെയൊരു ഏഴിലം പാലയുണ്ട്. അതില്‍ യക്ഷിയുണ്ടെന്ന് അമ്മ ഇടയ്ക്ക് പറയാറുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഒരാളെ ഒരു ദാസിപ്പെണ്ണ് പ്രണയിച്ചുവെന്നും അവസാനം അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അമ്മ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഏഴിലം പാലയില്‍ പ്രതികാരദാഹിയായ യക്ഷിയുണ്ടെന്ന കഥ എന്റെ മനസില്‍ തെളിയുന്നത്. കാവില്‍ കാര്‍ന്നോമ്മാരെല്ലാം എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും തുള്ളുന്നതും കാണാറുണ്ട്. ചിലര്‍ ശരിക്കും ഉറഞ്ഞ് തുള്ളും, മറ്റുചിലര്‍ അഭിനയിക്കുകയാവും. അഭിനയിച്ചു തുള്ളുന്നതാണ് സിനിമയില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിലൂടെ കാണിച്ചത്’ എന്നാണ് വിനയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഞാന്‍ ഈ കഥ എടുത്ത് സിനിമയാക്കുകയും അത് വിജയിക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കല്‍ സ്വപ്‌നത്തില്‍ നീ നമ്മുടെ കുടുംബത്തേയും കാര്‍ന്നോന്മാരെയുമെല്ലാം അവഹേളിച്ചില്ലേ എന്ന് അമ്മ പറഞ്ഞതായി ഒരു തോന്നല്‍. ഇതേ തുടര്‍ന്ന് കുട്ടനാട്ടില്‍ സ്വന്തം തറവാട്ടില്‍, 20 വര്‍ഷം മുമ്പ് 15 ലക്ഷം രൂപ മുടക്കി ഞാന്‍ ഒരു അമ്പലം പണിതു. പരിഹാരമായി പൂജകളും നടത്തി’ എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞത്.

1999ല്‍ തീയ്യേറ്ററുകളില്‍ എത്തിയ ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗമായിട്ടാണ് ‘ആകാശഗംഗ 2’ ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് ദിവ്യാ ഉണ്ണി അവതരിപ്പിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നത്. രണ്ടാം ഭാഗത്ത് മായയുടെ മകള്‍ ആതിരയുടെ കഥയാണ് പറയുന്നത്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

Exit mobile version